പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ സിപിഎം എംഎല്‍എ ഉദ്ഘാടകന്‍

Tuesday 5 May 2015 10:35 pm IST

കൊച്ചി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഉദ്ഘാടകനായി സിപിഎം എംഎല്‍എയും മുഖ്യ പ്രഭാഷകനായി കോണ്‍ഗ്രസിന്റെ നഗരസഭാ ചെയര്‍മാനും. ജില്ലയിലെ പിണറായി പക്ഷത്തെ പ്രമുഖനും പെരുമ്പാവൂര്‍ എംഎല്‍എയുമായ സാജുപോളും പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.എം.എ.സലാമുമാണ് കൈവെട്ട് ഭീകരരുടെ പരിപാടിയില്‍ പങ്കെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കുട്ടികളുടെ വിഭാഗമായ ജൂനിയര്‍ ഫ്രണ്ട്‌സിന്റെ സംസ്ഥാനതല പരിപാടിയായിയിരുന്നു വേദി. ഉദ്ഘാടനം ചെയ്ത എംഎല്‍എ സംഘടനയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയ കെ.എം.എ.സലാം സംഘടനയുടെ സന്ദേശം ഏറെ പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. പെരുമ്പാവൂരില്‍ നടന്ന പരിപാടിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച്.നാസര്‍, ജില്ലാ സെക്രട്ടറി അഫ്‌സല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ നിരവധി ഇസ്ലാമിക തീവ്രവാദ കേസുമായി ബന്ധമുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 13 പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കാനിരിക്കുകയാണ്. സംഘടനയുടെ ഭീകരവാദ ബന്ധം സമൂഹം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇരു മുന്നണികളുടെയും നേതാക്കള്‍ പരസ്യമായി ഇത്തരക്കാരുമായി വേദി പങ്കിട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തീവ്രവാദ സംഘടനയുമായി സിപിഎമ്മും കോണ്‍ഗ്രസും അടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.