സല്‍മാന്‍ഖാന് അഞ്ചു വര്‍ഷം തടവ്

Wednesday 6 May 2015 4:10 pm IST

  ന്യൂദല്‍ഹി: വാഹനം ഇടിച്ചു വഴിയാത്രക്കാരനെ കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷത്തെ തടവ്. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പതിമൂന്നു വര്‍ഷത്തെ വിചാരണയ്ക്കുശേഷമാണ് കേസില്‍ വിധിപറയുന്നത്. മദ്യ ലഹരിയിരുന്നു സല്‍മാന്‍ ഖാന്‍ എന്ന് കോടതി കണ്ടെത്തി. കാറോടിച്ചിരുന്നത് സല്‍മാന്‍ തന്നെ ആയിരുന്നെന്നും കോടതി കണ്ടെത്തി. സല്‍മാന്റെ അംഗരക്ഷകനായിരുന്ന പൊലീസ് കോണ്‍സ്റ്റബിളടക്കം നിരവധി പേര്‍ സല്‍മാനെതിരായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് പ്രധാനമായും കോടതി പരിഗണിച്ചത്. മൊഴി നല്‍കിയ കോണ്‍സ്റ്റബിള്‍ 2007 ല്‍ ക്ഷയരോഗം മൂലം മരണമടഞ്ഞിരുന്നു. കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സല്‍മാന്റെ ആരാധകര്‍ കോടതി പരിസരത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിധിപ്രസ്താവന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും വക്കീലന്‍മാര്‍ക്കും മാത്രമാണ് കോടതി വളപ്പില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞമാസം അവസാനം വിചാരണ പൂര്‍ത്തിയായ കേസില്‍ മെയ് ആറിന് വിധി പ്രസാതാവന നടത്തുമെന്ന് സെഷന്‍സ് ജഡ്ജി ഡി. ഡബ്ലിയൂ. ദേശ്പാണ്ഡെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് (11.45) കോടതിയില്‍ ഹാജരാകാനും സല്‍മാനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കശ്മീരില്‍ സിനിമ ഷൂട്ടിങിലായിരുന്ന സല്‍മാന്‍ ഖാന്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. സല്‍മാന്റെ സഹോദരങ്ങളും കോടതിയില്‍ എത്തിയിരുന്നു‍. വിധി വന്ന ശേഷം ഇവര്‍ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ സല്‍മാനെതിരെ ചുമത്തിയിട്ടുള്ളതിനാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് താന്‍ അല്ലെന്നും തന്റെ ഡ്രൈവര്‍ അശോക് സിംങ്ങാണെന്നും സല്‍മാന്‍ വിചാരണവേളയില്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സാക്ഷിപ്പട്ടികയില്‍ സിങ്ങിന്റെ പേരും എഴുതിച്ചേര്‍ത്തു. സല്‍മാന്റെ ബോഡിഗാര്‍ഡ് രവീന്ദ്ര പാട്ടീല്‍, സുഹൃത്തും ഗായകനുമായ കമാല്‍ഖാന്‍ എന്നിവരായിരുന്നു കേസിലെ മറ്റ് സാക്ഷികള്‍. മദ്യലഹരിയില്‍ ബാന്ദ്രയിലെ ബേക്കറിയിലേക്ക് തന്റെ സ്‌പോര്‍ട് യുട്ടിലിറ്റി കാര്‍ ഇടിച്ചു കയറ്റി ഒരാളെ കൊന്നതാണ് സല്‍മാനെതിരെയുള്ള കേസ്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.