കുഞ്ചന്‍ നമ്പ്യാര്‍ കാലഘട്ടങ്ങളെ രസിപ്പിച്ച കലാകാരന്‍: ശരച്ചന്ദ്രവര്‍മ്മ

Wednesday 6 May 2015 6:45 pm IST

ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ ജനങ്ങളെ രസിപ്പിച്ച കലാകാരനാണെന്നും അതാണ് കാലങ്ങളോളം ജനമനസുകളില്‍ നമ്പ്യാര്‍ക്കും തുള്ളലിനും സ്ഥാനം നല്‍കിയതെന്നും കവിയും അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകസമിതി ചെയര്‍മാനുമായ വയലാര്‍ ശരച്ചന്ദ്രവര്‍മ്മ പറഞ്ഞു. സാംസ്‌കാരിക വകുപ്പും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച കുഞ്ചന്‍ദിന സമ്മേളനവും അവാര്‍ഡ്ദാനവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാളിത്യം, കാലികത, പ്രാധാന്യം തുടങ്ങിയ സങ്കേതങ്ങളാണ് കുഞ്ചന്‍നമ്പ്യാര്‍ തന്റെ ഓട്ടന്‍ തുള്ളല്‍ എന്ന പുതിയ കലാരൂപത്തില്‍ ഉപയോഗിച്ച് വിജയിപ്പിച്ചതെന്നും അത് മാനേജ്‌മെന്റ് ഉള്‍പ്പടെയുള്ള പുതിയ മേഖലകളിലും ഉപയോഗിക്കാവുന്നതാണെന്നും മുഖ്യാതിഥി സബ് കളക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. പരമ്പരാഗത കലാരൂപങ്ങളുടെ നിലനില്‍പ്പിന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകങ്ങള്‍ പോലുള്ള പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. വടമണ്‍ ദേവകിയമ്മയ്ക്ക് കുഞ്ചന്‍ തുള്ളല്‍ പ്രതിഭാ പുരസ്‌കാരം വയലാര്‍ ശരച്ചന്ദ്ര വര്‍മ്മ നല്‍കി. മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം സബ് കളക്ടര്‍ ഡി. ബാലമുരളിയില്‍ നിന്ന് പന്തളം എസ്. ദേവീകൃഷ്ണ ഏറ്റുവാങ്ങി. സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ആര്‍.വി. ഇടവന അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.