കോഴിക്കോട്: ജില്ലാതല റിസോഴ്സ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടും മാറിയ പാഠപുസ്തകങ്ങളോ പഠനസഹായിയോ എത്തിയില്ല. അദ്ധ്യാപക പരിശീലനം വഴിപാടായി മാറുകയാണെന്ന് അദ്ധ്യാപകരുടെ പരാതി.
സംസ്ഥാനതല റിസോഴ്സ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനത്തിനു ശേഷമാണ് ജില്ലാതല റിസോഴ്സ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. ഈ മാസം 12 മുതല്‍ നടക്കുന്ന സ്കൂള്‍ തല അധ്യാപക പരിശീലനത്തില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പാഠപുസ്തകത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കിയാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്. എസ്സിഇആര്ടി യുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. പാഠപുസ്തകങ്ങള്‍ ലഭിച്ചില്ലെന്ന പരാതി ഏപ്രില്‍ 25 മുതല്‍ 28 വരെ നടന്ന സംസ്ഥാന തല പരിശീലനത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാതല പരിശീലന സമയത്ത് എത്തിക്കാമെന്നായിരുന്നു അന്ന് നല്കിയ വിശദീകരണം.
2,4,6 ക്ലാസുകളിലാണ് പാഠപുസ്തകങ്ങള്‍ മാറിയത്. ഇതില്‍ 6-ാം ക്ലാസിലെ മലയാളം, സോഷ്യല്‍ സയന്‍സ്, പാഠപുസ്തകങ്ങള്‍ മാത്രമാണ് തയ്യാറായിരിക്കുന്നത്. പഠനസഹായി സ്കൂള്‍ തുറന്നാലും ലഭിക്കാത്ത അവസ്ഥയിലാണെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.
എന്നാല്‍ പരിശീലനത്തിന് പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമല്ലെന്നാണ് അധികൃതരുടെ നിലപാട്. പാഠപുസ്തകത്തിന്റെ വിശദമായ പഠനമല്ല മാതൃകകള്‍ മാത്രമാണ് പരിശീലനത്തിലുള്പ്പെടുത്തിയിരിക്കുന്നത്. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പരിശീലനമെന്നാണ് വിദ്യാഭ്യാസ അധികൃതര്‍ നല്കുന്ന വിശദീകരണം.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ജില്ലാ തല റിസോഴ്സ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനമാണ് മെയ് 9ന് പൂര്‍ത്തിയാവുന്നത്. 12 മുതല്‍ 23 വരെയാണ് സ്കൂള്‍ തലത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ക്കുള്ള പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: