ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

Wednesday 6 May 2015 11:11 pm IST

കൊച്ചി: അധ്യാപികയെ കഴുത്തുറത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മുളവുകാട് പൊന്നാരിമംഗലം ഓളിപ്പറമ്പ് ജോണ്‍സനാണ് ഭാര്യ മെര്‍ളിയെ (42) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സനെ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാവിലെ തൊട്ടടുത്തവീട്ടില്‍ താമസിക്കുന്ന ജോണ്‍സന്റെ സഹോദരന്‍ പള്ളിയില്‍ പോകാനിറങ്ങിയപ്പോള്‍ ജോണ്‍സന്റെ വീടിന്റെ കതക് തുറന്നുകിടക്കുന്നതും വാതിലിന്റെ മുകളില്‍ ഇവിടെ അപകടം നടന്നിട്ടുണ്ടെന്ന ബോര്‍ഡും കണ്ട് വീടിനുള്ളില്‍ കയറിയപ്പോഴാണ് സ്വീകരണമുറിയില്‍ മെര്‍ളി രക്തംവാര്‍ന്ന് മരിച്ചുകിടക്കുന്നത് കണ്ടത്. തൊട്ടടുത്ത മുറിയില്‍നിന്ന് ഞരക്കം കേട്ട് പരിശോധിച്ചപ്പോള്‍ കഴുത്തും കൈഞരമ്പും മുറിച്ച് രക്തംവാര്‍ന്ന നിലയില്‍ ജോണ്‍സനെയും കണ്ടെത്തി. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ മെര്‍ളിക്ക് ആലപ്പുഴയിലെ കുശനാട് ജിവിഎച്ച്എസില്‍ അധ്യാപികയായി നിയമനം കിട്ടിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഞായറാഴ്ച മെര്‍ളിയുടെ മാതാപിതാക്കള്‍ ഇവരുടെ വീട്ടില്‍ വന്നിരുന്നു. തിരിച്ചുപോയപ്പോള്‍ ഇവരുടെ ഏകമകള്‍ ഷാനുവിനെയും കൊണ്ടുപോയിരുന്നു. ജോണ്‍സന് ഭാര്യ മെര്‍ളിയെ സംശയമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പോലീസ് സംശയിക്കുന്നു. ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളുരുത്തിയില്‍ പോസ്റ്റുമാനാണ് ജോണ്‍സണ്‍. ചികിത്സയില്‍ കഴിയുന്ന ജോണ്‍സണ്‍ അത്യാസന്ന നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.