താലൂക്ക് ആശുപത്രിയില്‍ സോളാര്‍ പദ്ധതി ഈ മാസം വെളിച്ചം കാണും

Thursday 7 May 2015 6:32 pm IST

ചേര്‍ത്തല: ദേശീയ അംഗീകാരം നേടിയ താലൂക്ക് ആശുപത്രിയില്‍ വൈദ്യുതീകരണത്തിനായി സ്ഥാപിച്ച സോളാര്‍ പദ്ധതി ഈ മാസം വെളിച്ചം കാണും. കഴിഞ്ഞ ജൂലൈയിലാണ് പദ്ധതിക്കായുള്ള സോളാര്‍ പാനലുകള്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രി അധികാരികളുടെ നിസഹകരണ മനോഭാവമാണ് പദ്ധതി ആരംഭിക്കുവാന്‍ കാലതാമസം ഉണ്ടാക്കിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2012 ലാണ് എംഎല്‍എ വികസന ഫണ്ടില്‍ നിന്നും 63 ലക്ഷം രൂപ ഈ പദ്ധതിക്കായി നീക്കിവച്ചത്. സൗരോര്‍ജ വൈദ്യുതീകരണ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ആശുപത്രി തെരെഞ്ഞെടുക്കുന്നത് ഇതാദ്യമായാണ്. നാല്‍പത്തിയഞ്ചു കിലോ വാട്ട് സ്ഥാപിതശേഷിയുള്ള സോളാര്‍ വൈദ്യുതി പാനല്‍ ഈ മാസം കമ്മീഷന്‍ ചെയ്യും. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. കമ്മീഷന്‍ ചെയ്യുന്നതിനുള്ള അനുമതി ഏതാനും ദിവസങ്ങള്‍ക്കകം ലഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു. നൂറ്റിമുപ്പത്തിയഞ്ച് യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പ്പാദിപ്പിക്കുന്നത്. ഇതിലൂടെ പതിനായിരം രൂപയുടെ നേട്ടമാണ് പ്രതിമാസം ആശുപത്രിക്ക് ലഭിക്കുന്നത്. ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കുവാനും ഭാവിയില്‍ ലക്ഷ്യമിടുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ അനെര്‍ട്ടിന്റെ കീഴില്‍ സോളാര്‍ വൈദ്യുതീകരണം നടക്കുന്ന ആദ്യ ആശുപത്രിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.