സ്വാമി ചിന്മയാനന്ദന്‍ ഹിന്ദു വോട്ട് ബാങ്കിന്റെ ആവശ്യം തിരിച്ചറിഞ്ഞ ആചാര്യന്‍: ചമ്പത്ത് റായ്

Thursday 7 May 2015 7:32 pm IST

കൊച്ചി: ഹിന്ദു വോട്ട് ബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദനെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കോയമ്പത്തൂര്‍ ശിബിരത്തില്‍ വച്ച് ഹൈന്ദവ സമൂഹം വോട്ട് ബാങ്ക് ശക്തിയായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്വാമി സംസാരിച്ചിരുന്നു. എറണാകുളത്ത് ചിന്മയമിഷന്റെ നേതൃത്വത്തില്‍ സ്വാമി ചിന്മയാനന്ദന്റെ നൂറാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ആചാര്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുസമൂഹത്തിന്റെ ഉയര്‍ച്ചയിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ വൈഭവം സാധ്യമാകു എന്ന് ചിന്മയാനന്ദ സ്വാമി വിശ്വസിച്ചിരുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ വൈഭവത്തിനായി ഗീതാജ്ഞാനയജ്ഞങ്ങള്‍ നടത്തി. സ്വാമിയുടെ ജന്മശതാബ്ദി ആഘോഷവേളയില്‍ മുഴുവന്‍ വീടുകളിലും ഭഗവത്ഗീത എത്തിക്കാന്‍ നമുക്ക് സാധിക്കണം. ഇതിന് ചിന്മയാനന്ദജിയുടെ ആശിര്‍വ്വാദം ഉണ്ടാകുമെന്നും, ഹൈന്ദവസമൂഹത്തിന് നവോത്ഥാനത്തിന്റെ ഊര്‍ജ്ജം പകര്‍ന്ന ചിന്മയാനന്ദനാണ് വിഎച്ച്പിയുടെ മാര്‍ഗ്ഗദര്‍ശിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി, സ്വാമി പൂര്‍ണാമൃതാനന്ദ, സ്വാമി നിര്‍മ്മലാനന്ദ, സ്വാമി മുക്താനന്ദ എന്നിവര്‍ സംസാരിച്ചു. നിരവധി ആചാര്യന്മാരും പരിപാടിയില്‍ സംബന്ധിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി സ്വാഗതവും ഡോ.മുകുന്ദന്‍ നന്ദിയും പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.