ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന് തെളിവ്: മന്ത്രി വി.എസ്. ശിവകുമാര്‍

Thursday 7 May 2015 7:39 pm IST

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ദേശീയ അക്രഡിറ്റേഷനുകള്‍ ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റത്തിനുള്ള അംഗീകാരമാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ദേശീയതലത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിക്ക് തുടര്‍ച്ചയായി രണ്ടാം തവണയും ലഭിച്ച എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എന്‍എബിഎച്ച് അംഗീകാരം നേടിയ ആദ്യത്തെ ജില്ലാതല ആശുപത്രിയാണ് എറണാകുളം. തിരുവനന്തപുരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക്, ചേര്‍ത്തല താലൂക്ക് ആശുപത്രി, മുവാറ്റുപുഴ പണ്ടപ്പിള്ളിയിലെ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയ്ക്കും ദേശീയതലത്തിലുള്ള വിവിധ അക്രഡിറ്റേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ഒരു താലൂക്ക് ആശുപത്രിയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളും മികച്ച നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെടുന്ന 102 മാനദണ്ഡങ്ങളും 636 നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാണ് എറണാകുളം ജനറല്‍ ആശുപത്രി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നിലനിര്‍ത്തിയത്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് പോലും റീ അക്രഡിറ്റേഷന്‍ നേടിയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മേഖലയ്ക്ക് ഈ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.