സായി: പീഡനം തുടര്‍സംഭവമെന്ന് ; 'ബിയര്‍' കഥയും പ്രചരിക്കുന്നു

Thursday 7 May 2015 10:40 pm IST

ആലപ്പുഴ: സായിയില്‍ പരിശീലകനും സീനിയര്‍ വനിതാ കായികതാരങ്ങളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച അപര്‍ണയെ നേരത്തെ പരിശീലകന്‍ തുഴകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അധികൃതരോട് പരാതി പറഞ്ഞിട്ട് ഫലമുണ്ടായില്ല. എന്നാല്‍ പെണ്‍കുട്ടികളില്‍ ചിലര്‍ ബിയര്‍ കുടിച്ചത് കണ്ടുപിടിച്ചതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ തുനിഞ്ഞുവെന്നാണ് ജീവനക്കാരും പോലീസും പറയുന്നത്. ബിയര്‍ കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇവരെ അദ്ധ്യാപകര്‍ ശാസിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് സഹപാഠികള്‍ കളിയാക്കിയത്രെ. ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പോലീസ് നിലപാട്. തങ്ങള്‍ ചെയ്ത ചെറിയ തെറ്റിന് മുതിര്‍ന്ന കായികതാരങ്ങളും അധികൃതരും വ്യാപക പ്രചരണം നല്‍കിയെന്നും ഇത് മനോവിഷമത്തിനിടയാക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. പോലീസും ജീവനക്കാരും പറയുന്നതാണ് ശരിയെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് എവിടെ നിന്ന് ബിയര്‍ ലഭിച്ചുവെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നുള്ള ശാരീരിക, മാനസിക പീഡനങ്ങള്‍ കുട്ടികള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സീനിയര്‍ കായികതാരങ്ങള്‍ ഇവരെക്കൊണ്ട് തങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും കഴുകിക്കുകയും ചെയ്തിരുന്നതായും രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും കുട്ടികള്‍ നേരത്തെ പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്ന വാര്‍ത്ത ഹോസ്റ്റല്‍ വാര്‍ഡന്‍ രാഗിണി നിഷേധിച്ചു. ആരെങ്കിലും ഉപദ്രവിച്ചതായി ഇതുവരെ പരാതി പറഞ്ഞിട്ടില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാഗിണി പറഞ്ഞു. ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും ആലപ്പുഴ: വിദ്യാര്‍ത്ഥിനി വിഷക്കായ കഴിച്ചു മരിച്ച സംഭവം സംസ്ഥാന കായിക സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളുടെ ചികിത്‌സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കായികതാരങ്ങളെ കണ്ടു. കായികവിദ്യാര്‍ഥികള്‍ വിഷക്കായ കഴിച്ചത് അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പത്മകുമാറും വ്യക്തമാക്കി. കുട്ടികള്‍ വിഷം കഴിച്ചതായി കണ്ടെത്താന്‍ കാലതാമസമുണ്ടായി. ഇതാണ് ഒരു കുട്ടി മരിക്കാന്‍ കാരണമെന്നും കളക്ടര്‍ പറഞ്ഞു. സായി കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ച ആക്ഷേപം പരിശോധിക്കുമെന്ന് സായി കേരള ഡയറക്ടര്‍ ജി. കിഷോര്‍ പറഞ്ഞു. അന്വേഷണത്തിനുശേഷം കര്‍ശന നടപടിയുണ്ടാകും. ഹോസ്റ്റലില്‍ പീഡനം നടന്നെന്ന ആരോപണത്തെപറ്റി കൃത്യമായ വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.