ഗ്രാമപഞ്ചായത്ത് വികസന പദ്ധതികള്‍ അനിശ്ചിതത്വത്തിലേക്ക്

Thursday 7 May 2015 10:32 pm IST

എരുമേലി: 2015-16 വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിക്കാന്‍ പദ്ധതിരേഖ യഥാസമയം നല്‍കാതിരുന്നതാണ് കോടികളുടെ പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കുന്നത്. വികസനരേഖകള്‍ യഥാസമയം ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ കാട്ടിയ കടുത്ത അനാസ്ഥയാണ് കാരണമെന്നും പഞ്ചായത്തംഗം എം.എസ്. സതീഷ് പറഞ്ഞു. കഴിഞ്ഞവര്‍ഷം സമര്‍പ്പിക്കേണ്ടിയിരുന്ന പദ്ധതികള്‍ പലതും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിനായിട്ടില്ല. എന്നാല്‍ ഡിപിസി അംഗീകാരം ലഭിച്ച പദ്ധതികള്‍ക്ക് നിയമഭേദഗതി വരുത്താനുള്ള സമയം ഈമാസം 20ആണ്. ഇതിനകം വികസനരേഖകള്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതരെന്നും എം.എസ്. സതീഷ് പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെ റോഡുകള്‍, വീടുകളുടെ അറ്റകുറ്റപ്പണി, വ്യക്തിഗത ആനുകൂല്യങ്ങള്‍ അടക്കം പല പദ്ധതി ഗുണഭോക്താക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. വികസന പദ്ധതികള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍തന്നെ നേരിട്ടു ചെയ്താല്‍ മാത്രമേ വികസനരേഖകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. എന്നാല്‍ പഞ്ചായത്ത് വിഭജനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയടക്കംവരുന്ന ഉദ്യോഗസ്ഥര്‍ ആ ജോലിയിലായതിനാല്‍ പഞ്ചായത്തിന്റെ വികസന പദ്ധതി രേഖ തയ്യാറാക്കല്‍ അനിശ്ചിതത്വത്തിലാകുകയായിരുന്നുവെന്നും അംഗങ്ങള്‍ പറയുന്നു. എന്നാല്‍ യുഡിഎഫിലെ ഭിന്നതമൂലം സ്റ്റാന്‍ഡിങ് കമ്മറ്റി പോലും കൂടാന്‍ ഭരണസമിതിക്ക് കഴിയുന്നില്ലെന്നും പഞ്ചായത്തംഗം എം.എസ്. സതീഷ് പറഞ്ഞു. ഡിപിസി അംഗീകാരത്തിനായി പദ്ധതി രേഖകള്‍ വൈകി സമര്‍പ്പിച്ചാല്‍ ഭേദഗതി വരുത്താനോ മറ്റു നടപടികള്‍ക്കോ കഴിയാതെ വരുമെന്നും ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.