കൂട്ട ആത്മഹത്യാ ശ്രമം: വനിതാ താരം മരിച്ചു മൂന്നു പേര്‍ക്ക് ഗുരുതരം, പിന്നില്‍ റാഗിങ്

Thursday 7 May 2015 10:57 pm IST

ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുന്നമടയിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വനിതാ കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചെമ്പന്തറ പനയ്ക്കല്‍ വീട്ടില്‍ രാമഭദ്രന്‍-ഗീത ദമ്പതികളുടെ മകള്‍ അപര്‍ണ(17)യാണ് മരിച്ചത.് ഇന്നലെ പുലര്‍ച്ചെ നാലോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നുപെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ കാര്‍ഡിയാക് തീവ്രപരിചരണ വിഭാഗത്തിലാണ്. സീനിയര്‍ വനിതാകായികതാരങ്ങളുടെ മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെയാണ് തങ്ങള്‍ ജീവനൊടുക്കുന്നതെന്ന് പെണ്‍കുട്ടികള്‍ നാലുപേരും എഴുതി ഒപ്പിട്ട കത്തു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് പുന്നമട സായിയില്‍ പരിശീലനം തേടുന്ന നാലു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഒതളങ്ങ കഴിച്ച് അവശനിലയിലായ നാലുപേരേയും രാത്രി എട്ടോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനാല്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയ ഇവര്‍ ഛര്‍ദിച്ചപ്പോഴാണ് കൂടെയുള്ളവര്‍ സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പുന്നമട, ചേര്‍ത്തല കടക്കരപ്പള്ളി, കുട്ടനാട് മാമ്പുഴക്കരി സ്വദേശിനികളാണ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളായ ഇവര്‍ തുഴച്ചില്‍ ഇനങ്ങളിലാണ് പരിശീലനം നടത്തുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെയും പരിശീലകരുടെയും ശാരീരികവും മാനസികവുമായ പീഡനവുമാണ് കടുംകൈ ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞദിവസം അപര്‍ണയെ പരിശീലകന്‍ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതു സംബന്ധിച്ച് അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സായിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും ഇവര്‍ ആരോപിക്കുന്നു. പുന്നമടക്കായലിന് മദ്ധ്യത്തിലുള്ള ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായതായും പരാതിയുണ്ട്. ഐജി: എം.ആര്‍. അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ കുട്ടികള്‍ ആത്മഹത്യാ കുറിപ്പൊന്നും എഴുതിയിട്ടില്ലെന്ന നിലപാടായിരുന്നു നോര്‍ത്ത് പോലീസിന്റേത്. എന്നാല്‍ നാലു വിദ്യാര്‍ത്ഥികളും എഴുതി ഒപ്പിട്ട ആത്മഹത്യാ കുറിപ്പ് കിട്ടിയതായി പോലീസ് പിന്നീട് സ്ഥിരീകരിച്ചു. അപര്‍ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ സന്ധ്യയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അനുജിത്താണ് ഏക സഹോദരന്‍. കര്‍ശന നടപടിയെടുക്കുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സ്‌കൂളില്‍ വിഷക്കായ കഴിച്ച് കായിക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതും മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജെതി ശ്രീനിവാസ് അറിയിച്ചു. കായികതാരങ്ങളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികളുടെ മാതാപിതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലില്‍ റാഗിങ് നടന്നുവെന്ന് കേന്ദ്രകായിക മന്ത്രിക്ക് സായ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഐജി അജിത്കുമാര്‍ അന്വേഷിക്കും കൊച്ചി: ആലപ്പുഴ സായി ഹോസ്റ്റലില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ കൊച്ചി റെയ്ഞ്ച് ഐജി അജിത്കുമാറിന് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൊച്ചിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷണം നടത്താനായി സായി ഡയറക്ടര്‍ ഇന്ന് കേരളത്തിലെത്തും. കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി ന്യൂദല്‍ഹി: ആലപ്പുഴ സായി ഹോസ്റ്റലിലെ നാലു പെണ്‍കുട്ടികള്‍ വിഷം കഴിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ നടത്തുന്ന മാനസിക പീഡനമാണ് കൂട്ട ആത്മഹത്യാ ശ്രമത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സായി ഡയറക്ടര്‍ ജനറല്‍ ആലപ്പുഴയിലെ ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും ചെയ്യും. സംഭവത്തില്‍ കേന്ദ്ര സ്‌പോര്‍ട്ട്‌സ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.സംഭവത്തില്‍ വലിയ ദുഖമുണ്ടെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. കായിക താരത്തിന്റെ മരണം ഭാരതത്തിന് വലിയ നഷ്ടമാണ്. ആ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. ആ കുടുംബത്തിന് നല്‍കാന്‍ കഴിയുന്ന സഹായമെല്ലാം ചെയ്യും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.