പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢ് സന്ദര്‍ശിക്കും

Friday 8 May 2015 9:35 pm IST

ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ നക്‌സല്‍ ബാധിത ജില്ലയായ ദാന്തേവാഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തും. ഇവിടുത്തെ സമൂഹ്യ സാമ്പത്തിക പദ്ധതികള്‍ക്ക് തുടക്കമിടും. അള്‍ട്രാ മെഗാ സ്റ്റീല്‍ പ്ലാന്റിന്റെയും റോഗട്ട്-ജഗത്പൂര്‍ റെയില്‍വേ ലൈനിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന വിദ്യാഭ്യാസ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.  നൂറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ സിറ്റിയില്‍ താമസസൗകര്യത്തിനും ക്ലാസ്മുറികള്‍ക്കുമായി ഏതാണ്ട് 120 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ദാരിദ്രാവസ്ഥയില്‍ കഷ്ടപ്പെടുന്ന അയ്യായിരം കുട്ടികള്‍ക്കെങ്കിലും ഓരോ വര്‍ഷവും പ്രവേശനം നല്‍കുവാന്‍ സാധിക്കും. ലൈവ്‌ലിഹുഡ് കോളേജിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ധാതുലവണങ്ങളുടെ വലിയ ശേഖരമാണ് ഈ ജില്ലയിലുള്ളത്. ഒരുകാലത്ത് നക്‌സല്‍ ആക്രമണങ്ങളുടെ കേളീരംഗമായിരുന്നു ഇവിടം. ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ടണ്‍ കപ്പാസിറ്റിയുള്ള ഈ സ്റ്റീല്‍ പ്ലാന്റിന്റെ എംഒയുവും ഒപ്പ് വെയ്ക്കും. 18000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപമാണ് ഈ പദ്ധതിയിലുള്ളത്. പതിനായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും ഇതിലൂടെ തൊഴില്‍ ലഭിക്കും. 24000 കോടിയുടെ പദ്ധതിയാണ് 140 കിലോമീറ്റര്‍ വരുന്ന റെയില്‍ ലിങ്കിന്റെത്. പ്രധാനപ്പെട്ട ബസ്തര്‍ നഗരത്തെ റായ്പൂര്‍, ബിലാസ്പൂര്‍, ദുര്‍ഗ് എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍വേ ലൈന്‍. ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയിലേക്ക് വളരെ എളുപ്പത്തില്‍ ഈ റെയില്‍ ലിങ്കിലൂടെ എത്താനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.