കാറ്റ്: വ്യാപക നാശനഷ്ടം

Friday 8 May 2015 10:16 pm IST

കോട്ടയം/പാലാ/കറുകച്ചാല്‍: ജില്ലയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോടിമതയില്‍ കാറ്റിനെത്തുടര്‍ന്ന് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് നിലംപതിച്ചു. മരച്ചില്ലകള്‍ ഒടിഞ്ഞ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. പാലാ മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ പാലക്കാട്ടുമല, കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ പ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലും ഒരു വീട് ഭാഗികമായി തകര്‍ന്നു. നിരവധി കര്‍ഷകരുടെ കൃഷികളും മരങ്ങളും നശിച്ചു. വലവൂര്‍ പടിഞ്ഞാറ് ഭാഗത്ത് തെരുവില്‍പറമ്പില്‍ ബാബുവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. നെല്ലിക്കയത്ത് മാത്യുവിന്റെ റബര്‍ മിഷ്യന്‍പുരയും കളപുരയ്ക്കല്‍ സിറിയകിന്റെ വീടിന് സമീപത്തെ തൊഴുത്തും കാറ്റില്‍ മരം വീണു തകര്‍ന്നു. റബറുകള്‍, മരച്ചിനി, വാഴകള്‍, ജാതി, തേക്ക്, മാവ്, പ്ലാവ്, മഹാഗണി, ആഞ്ഞിലി മരങ്ങളും കാറ്റില്‍ നിലംപൊത്തി. നെല്ലിക്കയത്ത് ജോസ്, നെല്ലിക്കയത്ത് മാത്യു, കളപുരയ്ക്കല്‍ സിറിയക് എന്നിവരുടെ കൃഷികളും നശിച്ചിട്ടുണ്ട്. പാലക്കാട്ടുമല നിത്യസഹായമാത പള്ളി, വെട്ടത്ത് ജോയി, പറത്താനം മാത്യു, മേല്‍വെട്ടം ജോസുകുട്ടി, കുളത്തനാല്‍ റ്റോമി, പുതിയാമറ്റത്തില്‍ ജോസ്, ഇല്ലിയ്ക്കല്‍ ബെന്നി, ഇല്ലിയ്ക്കല്‍ ജോയി, കിഴക്കേകര സിറിയക്, മൂലശ്ശേരില്‍ അക്കമ്മ, കൈമ്ലേട്ട് മാണി എന്നിവരുടെ പുരയിടത്തിലെ നിരവധി റബര്‍, ജാതി, തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വൈദ്യുതി തൂണുകളും ലൈനും മരം വീണ് തകര്‍ന്നിട്ടുണ്ട്. വൈദ്യൂതി ബന്ധം താറുമാറായി. ഇല്ലിയ്ക്കല്‍-പാലക്കാട്ടുമല, ഇല്ലിയ്ക്കല്‍-നെല്ലാക്കാട്ടുപാറ, പാലക്കാട്ടുമല-ആണ്ടൂര്‍ റോഡുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. കങ്ങഴ പഞ്ചായത്തില്‍ ഇന്നലെ 4 മണിയോടെ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും വന്‍നാശനഷ്ടം. ക ങ്ങഴ പഞ്ചായത്ത് അംഗം അനിയന്‍ ആറ്റുകുഴിയുടെ വീട് നിശ്ശേഷം തകര്‍ന്നു. കാരമല ഏലിയാമ്മ യോഹന്നാന്റെ വീടും പൂര്‍ണ്ണമായി തകര്‍ന്നു. അമ്മിണി തങ്കപ്പന്റെ വീടിനു മുകളില്‍ തേക്കുമരം വീണ് തകര്‍ന്നു. കാരമല സൈമണിന്റെ വീട് ഭാഗീകമായി തകര്‍ന്നു. വടക്കേക്കര യൂസുവിന്റെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. കണ്ണടിയില്‍ ജോസഫിന്റെ വീടിനു മുകളില്‍ വന്‍ ആഞ്ഞിലിമരം വീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. പൈശാകുളത്ത് തകടിയേല്‍ കെ. സി. ബാബുവിന്റെ വീട് ആഞ്ഞിലി മരം വീണ് ഭാഗീകമായി തകര്‍ന്നു. 7-ാം വാര്‍ഡ് കൈയ്യാലാത്ത് ലാസറിന്റെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. വയലില്‍ കുട്ടന്‍മോന്റെ വന്‍ തേക്കുമരം കടപുഴകി വീണു. പൈശാകുളം പത്തനാട് റോഡ് പൂര്‍ണ്ണമായി ഗതാഗതം തടസ്സപ്പെട്ടു. കങ്ങഴ പഞ്ചായത്തിലെ 1, 2, 6, 7, 8, 14 എന്നീ വാര്‍ഡുകളിലെ വൈദ്യുതിബന്ധം പൂര്‍ണ്ണമായി തകരാറിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.