ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്ന് ജനക്ഷേമ പദ്ധതികള്‍ക്കു കൂടി ഇന്ന് തുടക്കമാകും. അടല്‍ പെന്ഷന് യോജന, സുരക്ഷാ ബീമാ യോജന, ജീവന് ജ്യോതി ബീമാ യോജന തുടങ്ങിയവ ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരേ സമയം ഉദ്ഘാടനം നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് അധ്യക്ഷത വഹിക്കും.
മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള അടല്‍ പെന്ഷന് യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്ഷന് ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്ക്കുന്നതിനു പുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്ഷന് തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. ഈ ഡിസംബര്‍ 31 നകം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന: അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. 18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രം. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന: 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം.
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലുള്ളതാണ് മൂന്നു പദ്ധതികളും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ സുകന്യ സമൃദ്ധി യോജനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് അടയ്ക്കേണ്ടത് ആയിരം രൂപയാണ്. ആറരലക്ഷം രൂപവരെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ലഭിക്കുക. മോദി സര്‍ക്കാരിന്റെ ജന്‍ധന്‍ യോജനയ്ക്കും വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: