ആറളം ഫാമില്‍ നീര പ്ലാന്റ്; ആശങ്കയോടെ ആദിവാസികള്‍

Saturday 9 May 2015 6:08 pm IST

കണ്ണൂര്‍: ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമില്‍ നീര നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കുന്നു. ഫാമിന്റെ വികസനവും പട്ടികവര്‍ഗക്കാരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് പ്ലാന്റ് ആരംഭിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുമ്പോഴും കടുത്ത ആശങ്കയോെടയാണ് ഫാമിനകത്തെ ആദിവാസികള്‍ ഇതിനെ നോക്കിക്കാണുന്നത്. ആറളം ഫാമില്‍ നീരപ്ലാന്റിന് കോടികളനുവദിക്കുന്നത് ആറളം ഫാമിംഗ് കമ്പനിക്ക് വേണ്ടിയാണെന്നും ആദിവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടല്ലെന്നുമാണ് ഫാമിനകത്തെ ആദിവാസികള്‍ പറയുന്നത്. കോടികള്‍ നീക്കിവെച്ച് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളൊന്നും തന്നെ ആദിവാസികള്‍ക്ക് ഗുണം ചെയ്തിട്ടില്ല. ആദിവാസികളുടെ പേരുപറഞ്ഞാണ് ഫാമിനകത്ത് പുതിയ പദ്ധതികള്‍ ആരംഭിക്കാറുള്ളതെങ്കിലും ഫലത്തില്‍ മറ്റ് പലരുമാണ് അതിന്റെ ഗുണഭോക്താക്കളായി വരാറുള്ളത്. ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് ഫാമിനകത്ത് നേരത്തെ പൈനാപ്പിള്‍ കൃഷി ആരംഭിച്ചത്. എന്നാല്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് നടത്തിയ പൈനാപ്പിള്‍ കൃഷികൊണ്ട് ഫാമിനകത്ത് പുനരധിവസിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് യാതൊരു ഗുണവുമുണ്ടായില്ലെന്ന് മാത്രമല്ല അത് അവരെ ദോഷകരമായി ബാധിക്കുകയും ചെയ്തു. പൈനാപ്പിള്‍ കൃഷിയിടത്തില്‍ ജോലിചെയ്തവരില്‍ ഏറിയ പങ്കും അന്യസംസ്ഥാന തൊഴിലാളികളായിരുന്നുവെന്നതാണ് വസ്തുത. നാമമാത്രമായ ആദിവാസികള്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. കൃഷിയിടത്തില്‍ ഉപയോഗിച്ച മാരകവിഷമുള്ള എത്തിഫോണ്‍ എന്ന കീടനാശിനി ഫാമിനകത്തെ ആദിവാസികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. നേരത്തെ ഫാമിനകത്തെ നാലാം ബ്ലോക്കിലെ തെങ്ങുകള്‍ സഹകരണ സംഘങ്ങള്‍ക്ക് കള്ള് ചെത്തുന്നതിന് നല്‍കിയിരുന്നു. ആ സമയത്തും അധികതര്‍ പറഞ്ഞത് ആദിവാസികളുടെ ക്ഷേമമായിരുന്നു. എന്നാല്‍ കള്ള് ചെത്ത് കൊണ്ട് ഒരു ആദിവാസിക്ക് പോലും ഗുണമുണ്ടായില്ല. അധികൃതരുടെ ഒത്താശയോടെ ഫാമിനകത്തെ തെങ്ങുകള്‍ ഒരുവിഭാഗത്തിന് പതിച്ച് നല്‍കുകയായിരുന്നുവെന്നതാണ് വസ്തുത. മികച്ച കായ്ഫലമുള്ള തെങ്ങുകളാണ് സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ യാതൊരുമാനദണ്ഡവുമില്ലാത്ത കള്ള് ചെത്ത് കാരണം തെങ്ങുകള്‍ മിക്കതും ഇപ്പോള്‍ നശിച്ച നിലയിലാണ്. 7.5 കോടി രൂപ ചെലവിട്ടാണ് ഫാമിനകത്ത് നീര പ്ലാന്റ് നിര്‍മിക്കുന്നത്. സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച പദ്ധതിക്കാവശ്യമായ ആദ്യ ഗഡുവായി 4 കോടി രൂപ ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നീര ടാപ്പിംഗില്‍ കൃഷിക്കാര്‍ക്ക് പരിശീലനം നല്‍കും. പിലിക്കോട് റീജ്യണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററില്‍ 200 ലേറെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് പരിശീലനം നല്‍കുക. പദ്ധതി നിലവില്‍ വന്നാല്‍ ഒരു തെങ്ങില്‍ നിന്ന് മാസം ശരാശരി പത്തുമുതല്‍ പതിനഞ്ചായിരം രൂപ വരെ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ആദ്യഘട്ടത്തില്‍ 2000 തെങ്ങുകള്‍ ടാപ്പ് ചെയ്ത് 4000 ലിറ്റര്‍ നീര ഉല്‍പ്പാദിപ്പിക്കും. പ്ലാന്റ് സ്ഥാപിക്കുന്നതിനായി രണ്ടേക്കര്‍ സ്ഥലം ആറളം ഫാം ഒന്നാം ബ്ലോക്കില്‍ ഏറ്റെടുത്തിട്ടുണ്ട്. ഫാമിനകത്ത് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പുതിയ പദ്ധതികള്‍ വരുമ്പോള്‍ ആദിവാസികള്‍ ആശങ്കപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം വികസന പദ്ധതികള്‍ ഇവര്‍ക്ക് ദുരിതങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.