രാമപാദങ്ങളില്‍- 33

Saturday 9 May 2015 8:44 pm IST

പരബ്രഹ്മം ഇച്ഛവെടിഞ്ഞ് സ്ഥിതിചെയ്യുമ്പോഴും അതിന്റെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രം ലോകം പ്രകാശിക്കുന്നു. അതിനാല്‍ കര്‍ത്തൃത്വവും അകര്‍ത്തൃത്വവും ആത്മാവില്‍ തന്നെ സ്ഥിതിചെയ്യുന്നു. ഇച്ഛ ഇല്ലായ്മകൊണ്ട് അകര്‍ത്താവും സാന്നിദ്ധ്യമാത്രത്താല്‍ കര്‍ത്താവായും ഇരിക്കുന്നു. ഞാനൊന്നും ചെയ്യുന്നില്ലെന്ന ദൃഢഭാവനയോടുകൂടി കര്‍മ്മങ്ങള്‍ ചെയ്താല്‍ കര്‍മ്മ ഫലം ബാധിക്കുകയില്ല. മനസ്സിനെ ഒന്നിലും പ്രവേശിപ്പിക്കാതിരുന്നാല്‍ വിഷയങ്ങളിലുള്ള അഭിരുചി ഇല്ലാതാകും. അതുമൂലം ഞാനൊന്നും ചെയ്യുന്നില്ലെന്ന നിത്യ ഭാവന ഉണ്ടായി പരമമായ സമത്വം അവശേഷിക്കും. മറിച്ച് എല്ലാം ഞാന്‍ ചെയ്യുന്നു എന്ന മഹാകര്‍ത്തൃത്വ ഭാവനയോടുകൂടി വസിക്കുന്നെങ്കില്‍ അതും നല്ലതു തന്നെ. കര്‍ത്താവായി മറ്റാരുമില്ലാത്ത ആ അവസ്ഥയില്‍ രാഗദ്വേഷാദികളുണ്ടാകാന്‍ കാരണമില്ലല്ലോ? എന്റെ സുഖ ദു:ഖങ്ങള്‍ക്ക് കാരണമായ ഈ ജഗത്തിന്റെ ഉദയത്തിനും ക്ഷയത്തിനും കര്‍ത്താവ് ഞാന്‍ തന്നെയെന്ന് വിചാരിക്കുന്ന അവസ്ഥയിലും ദു:ഖത്തിനവകാശമില്ല. സന്തോഷത്തിനും ദു:ഖത്തിനും ഞാന്‍ തന്നെ കര്‍ത്താവെന്നുള്ള ഏക ഭാവന ഉദിച്ച് സങ്കല്പം നശിക്കുമ്പോള്‍ സമത്വം മാത്രം അവശേഷിക്കുന്നു. സര്‍വ്വതിലും സമദൃഷ്ടിയുണ്ടാകുന്നത് ബ്രഹ്മനിഷ്ഠയായ ഒരവസ്ഥയാകുന്നു. ഒന്നിനും ഞാന്‍ കര്‍ത്താവല്ല. ഇക്കാണപ്പെടുന്നതൊന്നും ഞാനല്ല. എന്നിങ്ങനെ ദൃഢമായി മനസ്സിലുറക്കുക. അല്ലെങ്കില്‍ എല്ലാറ്റിനും കര്‍ത്താവ് ഞാന്‍ തന്നെ എല്ലാം ഞാന്‍ തന്നെയെന്ന് നിശ്ചയിക്കുക. അതുമല്ലെങ്കില്‍ കര്‍ത്തൃത്വാദി ഭാവനയോടുകൂടിയ ഒരുത്തനല്ല ഞാന്‍ സര്‍വ വികല്പങ്ങളേയും കടന്നിരിക്കുന്ന ഒരുവനാണ് ഞാന്‍ എന്നുറക്കുക. ഈ മൂന്നു മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് നിശ്ചയിച്ചുറച്ച് സാധുക്കളുടെ പ്രാപ്യസാദ്യമായ ആത്മപദത്തെ അടയുക. ചിദ്രൂപചൈതന്യവും അന്തക്കരണവും, അവിദ്യയും പ്രപഞ്ചവും അടിയോടെ ത്യജിക്കണം. തേജസ്സും തമസ്സും വാസനയും വാസനാ ഹേതുവും പ്രാണസ്പന്ദനവുമെല്ലാം ഉപേക്ഷിച്ച് ആകാശം പോലെ സൗമ്യനും പ്രാശാന്തധീരനുമായി നിന്റെ വാസ്തവ രൂപമേതാണോ അതിനെ പ്രാപിക്കുക. സര്‍വ ബന്ധങ്ങളും ഹൃദയത്തില്‍ നിന്ന് ഉപേക്ഷിച്ച് ശാന്തനായി വസിക്കുന്നവന്‍ മുക്തനായ പരമേശ്വരനാണ്. ഉപാസനയോ യാഗാദികര്‍മ്മങ്ങളോ ചെയ്താലും ഇല്ലെങ്കിലും ഹൃദയത്തിലെ ആശകളെല്ലാം അസ്തമിച്ച് മഹാശയന്‍ മുക്തനായിത്തീരുന്നു. വാസനാ രഹിതമായ മനസ്സുള്ളവന്‍ കര്‍മ്മം ചെയ്താലെന്ത്? ചെയ്തില്ലെങ്കിലെന്ത്? ജപാദികള്‍കൊണ്ടോ, ശാസ്ത്ര വിചാരം കൊണ്ടോ, ഏകാന്ത വിചാരംകൊണ്ടോ അവന് എന്താണ് പ്രയോജനം? വാസനകള്‍ നശിപ്പിച്ച് മനസ്സിനെ നിശ്ചലമാക്കുന്നതിനേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. ആകാശഭൂമികളിലും പാതാളത്തിലും അന്വേഷിച്ചാലും നശ്വരങ്ങളും ജഡങ്ങളുമായ അഞ്ചു ഭൂതങ്ങളല്ലാതെ ആറാമതൊന്നിനെ കാണാന്‍ കഴിയുകയില്ല. ആ സ്ഥിതിക്ക് ധീരന്മാരുടെ ബൂദ്ധി നിത്യ പരിശുദ്ധ പരമാത്മാവിലല്ലാതെ വേറെ ഏതിലാണ് രമിക്കുക. ബ്രഹ്മഭാവനയോടുകൂടി ജീവിക്കുന്നവന് സംസാരസമുദ്രം ഗോഷ്പദം പോലെ ലഘുവും അല്ലാത്തവന് പ്രളയ സമുദ്രം പോലെ ദുഷ്‌കരവുമായിരിക്കും. ആകാശജ്യോതിയായ ആദിത്യനില്‍ പ്രകാശിക്കുന്ന ചിത്തുതന്നെയാണ് ഭൂഗര്‍ഭത്തിലുള്ള കൃമി കീടങ്ങളിലും വര്‍ത്തിക്കുന്നത്. ഘടാകാശം ഭൂതാകാശമല്ലാതെ വേറൊന്നല്ലാത്തതു പോലെ സകല ഭൂതങ്ങളിലും വിളങ്ങുന്ന ചിത്ത് ഏകമാണ.് താമസപ്രധാനമായ പിശാചാദിയോനിയിലോ രാജസഗുണപ്രധാനമായ ക്ഷത്രിയ വൈശ്യാദിയോനികളിലോ ജനിച്ച് ദു:ഖിക്കുന്നവര്‍ അവരുടെ പ്രയത്‌നംകൊണ്ടുതന്നെ ഉയര്‍ന്ന് സാത്വികഗുണങ്ങളായ ദേവേശ്വരഭാവത്തില്‍ എത്തിച്ചേരേണ്ടതാണ.് മായയെ സര്‍പ്പങ്ങള്‍ ഉറകളെ ത്യജിക്കുന്നതുപോലെ സ്വയംത്യജിക്കണം. നത്യമായബ്രഹ്മത്തില്‍ യാതൊന്നും സംഭവിക്കുന്നില്ല. അവിടെ ശോകമോഹമോ, ജന്മിയോ, ജന്മമോ വാസ്തവത്തിലില്ല. ശാശ്വതവസ്തു മാത്രമേ ഉള്ളൂ അതുകൊണ്ട് ശോകമോഹാദികള്‍ക്ക് വശംവദനാകാതെ സമാഹിതനാകുക. ദ്വന്ദ്വ ഭാവനയില്ലാതെ നിത്യവും സത്വഗുണനിഷ്ഠനായി ഇഷ്ടാനിഷ്ടങ്ങളില്‍ സമഭാവനയോടെ മനസ്സിന് മദിക്കാനോ മോഹിക്കാനോ ഇടനല്‍കാതെ സകലഭേദഭാവനകളും നശിച്ച് സമാഹിതനാകുക. സമനും, സ്വസ്ഥനും, ശാന്തനുമായി സ്ഥിരബുദ്ധിയോടെ മനസ്സിനെ അടക്കി മനനിഷ്ഠയോടെ മൗനിയായി നിര്‍മ്മലനായി സമാഹിതനായിരിക്കുക. കിട്ടുന്നതിനെ അനുഭവിച്ചും, കിട്ടാത്തതിനെ ആഗ്രഹിക്കാതേയും, ഒന്നിനേയും ത്യജിക്കുകയോ, സ്വീകരിക്കുകയോ ചെയ്യാതെ സമാഹിതനായിരിക്കുക. ആര്‍ക്ക് ഈ ജന്മം ഒടുവിലത്തേതായിരിക്കുമോ. അവര്‍ക്ക് ജ്ഞാന ഹേതുക്കളായ നിര്‍മ്മല വിദ്യകള്‍ സ്വായത്തമായി കൈവരുന്നു. മാത്രമല്ല സദാചാരനില, സര്‍വസമ്മതത്വം ഭൂതാനുകമ്പ, നിസ്സംഗത, ജ്ഞാനനിഷ്ഠ തുടങ്ങിയ ഗുണങ്ങള്‍ അവനെ സദാ ആശ്രയിക്കുന്നു.സംസാരത്തില്‍ വന്നു പിറന്നവര്‍ക്ക് മോക്ഷലബ്ധിക്കുള്ള ഉത്തമമാര്‍ഗ്ഗം രണ്ടാണ്. അതിലൊന്ന് ഗുരുവിന്റെ ഉപദേശമനുസരിച്ചുള്ള അനുഷ്ഠാനങ്ങളാല്‍ ക്രമേണ മന:ശുദ്ധി കൈവരിച്ച് ജന്മം കൊണ്ടോ ജന്മജന്മങ്ങള്‍ കൊണ്ടോ സിദ്ധികൈവരുന്നതാണ്. രണ്ടാമത്തേത് അല്പം ഒരു ഉണര്‍വു കിട്ടിയ മനസ്സുകൊണ്ട് താന്‍ സ്വയം ചെയ്യുന്ന മനനാദികളാല്‍ ജ്ഞാനോദയം സിദ്ധിക്കുന്നതാണ്. രണ്ടാമത്തെ രീതിയില്‍ ജ്ഞാനപ്രാപ്തി നേടിയ ജനകമഹാരാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ഉദാരഹൃദയനും സര്‍വ ആപത്തുകളില്‍ നിന്നും മോചിതനും ഐശ്വര്യനിധിയുമായ വിദേഹരാജാവായ ജനകന്‍ ഒരിക്കല്‍ ഒരു വസന്തക്കാലത്ത് ഉപവനത്തില്‍ കടന്ന് ഉലാത്തിക്കൊണ്ടിരിക്കെ അടുത്തുള്ള പച്ചിലമരക്കാട്ടില്‍ നിന്നും. ദൃഷ്ടിഗോചരമല്ലാത്ത ഗന്ധര്‍വന്മാര്‍ ആലപിച്ച മധുരമായ ഒരു ഗാനം ശ്രവിക്കാനിടയായി. അഖണ്ഡ പരമാത്മാവിന്റെ സ്വരൂപ വര്‍ണ്ണനം ചെയ്യുന്ന പ്രസ്തുതഗാനം അദ്ദേഹത്തിന്റെ കര്‍ണ്ണങ്ങളില്‍ പതിച്ചു. ആ ഗാനം ഇങ്ങനെയായിരുന്നു. ''ദൃഷ്ട്യ ദൃശ്യ സമായോഗാല്‍ പ്രത്യയാനന്ദ നിശ്ചയ: യസ്തം സമാത്മ തത്വോര്‍ത്ഥം നി:സ്പന്ദം സമാസ്മഹേ'' ദൃഷ്ടാവിന് ദൃഷ്ടിപ്രിയമായ സംയോഗത്താല്‍ ബുദ്ധിയിലുണ്ടാകുന്ന ആനന്ദാവഭാസം ജീവന്റെ ബ്രഹ്മഭാവത്തില്‍ നിന്നും ആവിര്‍ഭവിക്കുന്നതാണ്. സ്വാത്മാവായ ആ ദേവനെത്തന്നെ ഞങ്ങള്‍ നിശ്ചല ബുദ്ധിയോടെ ഉപാസിക്കുന്നു.    ''സശിരസ്‌ക്തം ഹകാരാദിമശേഷാകാര സംസ്ഥിതം     അജസ്രമുച്ചരന്തം സ്വാമാത്മാനം സമുപാസ്മഹേ''     സകല ശരീരങ്ങളിലും സ്ഥിതിചെയ്ത് എപ്പോഴും മന്ത്രങ്ങളുച്ചരിച്ചുകൊണ്ടിരിക്കുന്ന അന്തസ്ഥമായ ആത്മാവിനെ ഞങ്ങള്‍ ഭക്തിപൂര്‍വം ഉപവാസിക്കുന്നു.     ദൃഷ്ട്യ ദര്‍ശന ദൃശ്യനി ത്യക്ത്വാവാസനയാ സഹ     ദര്‍ശന പ്രഥമാഭാസമാത്മാനം സമുപാസ് മഹേ'' ദൃഷ്ടാവ് ദര്‍ശനം, ദൃശ്യം ഇവയെ വാസനാസഹിതം ത്യജിച്ചിട്ട് അവസ്ഥാത്രയത്തെ കടന്ന് കണ്ണുകൊണ്ടോ മനസ്സുകൊണ്ടോ ഉള്ള ആ ദര്‍ശനത്തിന് മുമ്പില്‍ സാക്ഷീഭൂതമായി പ്രകാശിക്കുന്ന ആത്മ സ്വരൂപത്തെ ഞങ്ങള്‍ ഉപാസിക്കുന്നു.        ...തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.