തീരദേശം വിദേശകുത്തകകള്‍ക്ക് തീറെഴുതിയത് കോണ്‍ഗ്രസും സിപിഎമ്മും : കെ. സുരേന്ദ്രന്‍

Saturday 9 May 2015 9:32 pm IST

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍
നയിക്കുന്ന തീരദേശയാത്രയ്ക്ക് കോഴിക്കോട് വെള്ളയില്‍ നല്‍കിയ സ്വീകരണസമ്മേളനം
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനമേഖല വിദേശകുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത കോണ്‍ഗ്രസും അതിന് പിന്തുണ നല്‍കിയ സിപിഎമ്മും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി വ്യാജപ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെകുറിച്ച് നടക്കുന്ന വ്യാജപ്രചരണത്തിനെതിരെയും തീരദേശമേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ സംസ്ഥാന    സര്‍ക്കാര്‍അവഗണിക്കുന്നതിനെതിരെയും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. പി. രാധാകൃഷ്ണന്‍ നയിക്കുന്ന തീരദേശയാത്രയുടെ കോഴിക്കോട് വെള്ളയില്‍ നടന്ന സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2001 ആഗസ്റ്റ് ഒന്നിനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഡോ.മീനാകുമാരി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കേന്ദ്രകൃഷിവകുപ്പ്മന്ത്രി രാധാമോഹന്‍സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.  നരേന്ദ്രമോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. 2009ല്‍ തൊള്ളായിരം വിദേശകപ്പലുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് ശേഷം പുതുതായി ഒരു വിദേശ കപ്പലിനുപോലും അംഗീകാരം നല്‍കിയിട്ടില്ല.

ബിജെപി സര്‍ക്കാറിനെതിരെ സംഘടിതമായ വ്യാജപ്രചാരണം നടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചുവെന്നാണ് ഒരാരോപണം. 400 പുതിയ ബ്ലോക്കുകളില്‍കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ദ്ധിപ്പിച്ചതും കേന്ദ്രസര്‍ക്കാറാണ്. ട്രോളിംഗ് നിരോധനത്തെകുറിച്ചും ഇന്ന് നടക്കുന്നത് കള്ളപ്രചാരണമാണ്. അദ്ദേഹം പറഞ്ഞു.

ടി. ജയപാലന്‍ അധ്യക്ഷത വഹിച്ചു. ജാഥാനായകന്‍ എന്‍. പി. രാധാകൃഷ്ണന്‍, സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വി.പത്മനാഭന്‍, കെ.രജനീഷ്ബാബു, പി. പി. ഉദയഘോഷ്, പി.രഘുനാഥ്, പി. പി. സദാനന്ദന്‍, പി. പീതാംബരന്‍, വി. പ്രഹഌദന്‍ എന്നിവര്‍ സംസാരിച്ചു. തീരദേശയാത്ര 14ന് തിരുവനന്തപുരത്ത് സമാപിക്കും. 15ന് മത്സ്യത്തൊഴിലാളികളുടെ സെക്രട്ടറിയേറ്റ്മാര്‍ച്ച് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.