ആറന്മുള: ഒരു തരത്തിലുള്ള അനുമതിയുമില്ല - ജാവ്‌ദേക്കര്‍

Saturday 9 May 2015 10:18 pm IST

കൊച്ചി:  ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള അനുമതിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. ഇതോടെ  പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയെന്ന തരത്തിലുള്ള കെ.ജി.എസ് ഗ്രൂപ്പിന്റെ വാദം പൂര്‍ണ്ണമായും പൊളിഞ്ഞു.   ആറന്‍മുള വിമാനത്താവള പദ്ധതിക്ക്  പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കുന്ന കാര്യം പോലും സര്‍ക്കാരിന്റെ പരിഗണനയിലില്ല.മന്ത്രി ജന്മഭൂമിയോടു പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന അനുമതി പരിസ്ഥിതി മന്ത്രാലയവും ഹരിത ട്രൈബ്യൂണലും റദ്ദാക്കിയതാണ്. ആ നടപടി സുപ്രീം കോടതിയും അംഗീകരിച്ചു. ഇതാണ് നിലവിലെ അവസ്ഥ. ഇതില്‍ ഒരുമാറ്റവും വന്നിട്ടില്ല. ജാവ്‌ദേക്കര്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട പ്രദേശത്ത് പരിസ്ഥിതി പഠനം നടത്താന്‍ വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്ത് പുതുതായി പാരിസ്ഥിതിക ആഘാത പഠനം നടത്തേണ്ടതില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിമാനത്താവളത്തിന് യുപിഎ സര്‍ക്കാര്‍ നല്‍കിയ എല്ലാ അനുമതികളും റദ്ദാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നും പ്രകാശ് ജാവ്‌ദേക്കര്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കിയ നടപടി ഇതില്‍ അവസാനത്തേതാണ്. ആറന്മുളയില്‍ വിമാനത്താവളത്തിനായി ഇനി ആരും തങ്ങളെ സമീപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വിവാദങ്ങള്‍ക്കാണ് പലരും പ്രാധാന്യം നല്‍കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിന്റെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. കൊച്ചിന്‍ റിഫൈനറിക്കായി 5000 കോടിയുടെ പദ്ധതി അനുവദിച്ചതാണ് ഒടുവിലത്തേത്. സംസ്ഥാനത്തെ റെയില്‍- റോഡ് വികസനത്തിനും തുറമുഖങ്ങളുടെ വികസനത്തിനും ഒട്ടേറെ പദ്ധതികള്‍ മോദി സര്‍ക്കാര്‍ അനുവദിച്ചു. നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കി . എന്നാല്‍ ഇവക്കൊന്നും ആവശ്യമായ പ്രചാരണം മാധ്യമങ്ങള്‍ നല്‍കുന്നില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലാണ് പലര്‍ക്കും താത്പര്യം. ആറന്മുളയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. ആറന്മുള- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്- തീരദേശ പരിപാലന നിയമം ഈ മൂന്നു കാര്യങ്ങളില്‍ മാത്രമാണ് ഇവിടെയെത്തിയാല്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. മറ്റു വികസന പ്രവര്‍ത്തനങ്ങളിലൊന്നും ആര്‍ക്കും താത്പര്യമില്ലാത്തതുകൊണ്ടാണോ ഇതെന്നും ജാവ്‌ദേക്കര്‍ ചോദിച്ചു. ഈ മൂന്നുവിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.    തീരദേശ പരിപാലന നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ തീരദേശ ജനതയുടെ ആശങ്കകള്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന എന്നിവയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു മന്ത്രി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.