വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യുവാവ് ചികില്‍സാ സഹായം തേടുന്നു

Saturday 9 May 2015 10:42 pm IST

ആലുവ: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഡയാലിസിസിലൂടെ ജീവിതം നിലനിര്‍ത്തുന്ന കീഴ്മാട് തോട്ടുമുഖം കീരംകുന്ന് താഴത്തങ്ങാടി വീട്ടില്‍ പരേതനായ മുഹമ്മദ്പിള്ളയുടെ മകന്‍ യഅ്കൂബാണ് (34) സഹായം തേടുന്നത്. ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തുവന്ന യഅ്കൂബ് പിതാവിന്റെ മരണ ശേഷം നാട്ടില്‍ തന്നെ സ്വന്തമായി ഹോട്ടല്‍ നടത്തി വരികയായിരുന്നു. കച്ചവടത്തിലുണ്ടായ ഭാരിച്ച കടബാധ്യത വീട്ടുന്നതിനായി വിദേശത്ത് പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. അവിടെ വെച്ചുണ്ടായ അസുഖത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വൃക്കകള്‍ പ്രവര്‍ത്തനരഹിതമാണെന്നറിഞ്ഞത്. തുച്ഛായ വേതനത്തിന് വിദേശത്ത് ജോലി ചെയ്തിരുന്ന യഅ്കൂബ് പ്രതീക്ഷയറ്റ മനസും ഭാരിച്ച സാമ്പത്തിക ബാധ്യതയുമായാണ് നാട്ടിലെത്തിയത്. എത്രയും വേഗം വൃക്ക മാറ്റിവക്കലാണ് ഏക പ്രതിവിധിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വൃക്ക മാറ്റിവെക്കലിനും അനുബന്ധ ചികിത്സകള്‍ക്കുമായി ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്നു. കീരംകുന്ന് ലക്ഷംവീട്ടില്‍ വാടകക്ക് താമസിക്കുന്ന യഅ്കൂബിന്റെ വീട്ടില്‍ വൃദ്ധയായ മാതാവും ഭാര്യയും ഏഴും നാലും വയസായ രണ്ട് മക്കളുമാണുള്ളത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യഅ്കൂബ് രോഗബാധിതനായതോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുടുംബത്തെ സഹായിക്കാനും യഅ്കൂബിന്റെ ചികില്‍സക്ക് പണം കണ്ടെത്താനുമായി നാട്ടുകാരും സുഹൃത്തുക്കളും വിവിധ സംഘടനകളും ചേര്‍ന്ന്  'യഅ്കൂബ് ചികില്‍സാ സഹായ സമിതി' രൂപവത്കരിച്ചിട്ടുണ്ട്. തോപ്പില്‍ അബു (ചെയര്‍മാന്‍), അഡ്വ. നിഷാദ് പുഴിത്തറ (കണ്‍ വീനര്‍), അബ്ദുല്‍ റഹ്മാന്‍ കണ്ണാട്ടുപറമ്പ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. സമിതിയുടെ പേരില്‍ എസ്.ബി.ടി കീഴ്മാട് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ : 67318646833, ഐഎഫ്എസ്‌സി: എസ്ബിടിആര്‍ 0000378.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.