ദന്തേവാഡ: ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയായ ദന്തേവാഡയിലെത്തിയ പ്രധാനമന്ത്രി കുഞ്ഞുകൂട്ടുകാരനൊപ്പം താളം പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എഡ്യുക്കേഷന്‍ സിറ്റിയില്‍ ഭിന്നശേഷിയുള്ള കുരുന്നുകള്‍ പഠിക്കുന്ന സാക്ഷം സ്കൂളിലെ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി കുഞ്ഞുകലാകാരനെ പരിചയപ്പെട്ടത്.
പ്രധാനമന്ത്രിയെ കണ്ടപാടെ ആവേശത്തിലായ കുട്ടി പിന്നിലിട്ടിരുന്ന കസേരയില്‍ താളം പിടിച്ചുതുടങ്ങുകയായിരുന്നു. അല്പനേരം നോക്കി നിന്ന ശേഷം തൊട്ടടുത്ത കസേരയിലിരുന്ന് പ്രധാനമന്ത്രിയും ഒപ്പം താളം പിടിച്ചു തുടങ്ങിയതോടെ മറ്റ് കുട്ടികള്‍ക്ക് അതൊരു കൗതുകക്കാഴ്ചയായി. വാദ്യം അവസാനിച്ചതോടെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രധാനമന്ത്രിയെ കുട്ടികള്‍ നന്ദി അറിയിച്ചത്.
ജുഗല്‍ബന്ദി ഇന്‍ ദന്തേവാഡ എന്ന പേലില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തോളം പേര് ലൈക്ക് ചെയ്തു കഴിഞ്ഞു. പതിനായിരത്തോളം പേര് വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അ്ക്കൗണ്ടിലും വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സ്ഥാപനത്തിലെ കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുത്ത പ്രധാനമന്ത്രി കുട്ടികളോട് കുശലാന്വേഷണത്തിനും സമയം കണ്ടെത്തി.
യുഎസ് സന്ദര്‍ശന വേളയില്‍ അവിടുത്തെ ഡ്രം വാദക സംഘത്തോടൊപ്പം പ്രധാനമന്ത്രി താളം പിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലും തരംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: