സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കുക ലക്ഷ്യം

Sunday 10 May 2015 10:30 pm IST

കോട്ടയം: എം.ജി സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാനുള്ള ദര്‍ശനരേഖയായ വിഷന്‍ 2020 മഹാത്മാഗാന്ധി സര്‍വ്വകലാശാല എംപ്ലോയിസ് സംഘം പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിക്കുന്ന വേളയില്‍ സര്‍വ്വകലാശാലയെ ദേശീയതലത്തില്‍ ഉന്നതസ്ഥാനത്തെത്തിക്കുകയാവും ഗാന്ധിജിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അനദ്ധ്യാപക വിഭാഗത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടാണ് വിഷന്‍ 2020 തയ്യാറാക്കിയിട്ടുള്ളത്. ഭരണ-അക്കാദമിക വിഭാഗം, പരീക്ഷാവിഭാഗം, ധനവിഭാഗം, ഇതരവിഷയങ്ങള്‍ എന്നിങ്ങനെയാണ് ദര്‍ശനരേഖ തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തന നിലവാരം ഉയര്‍ത്താന്‍ സര്‍വ്വകലാശാലയ്ക്ക് കഴിയാത്തതിന്റെ കാരണങ്ങളും പരിഹാരങ്ങളും ഇതില്‍ പ്രതിപാദിപ്പിച്ചിട്ടുണ്ട്. സ്ഥായിയായ ലക്ഷ്യങ്ങള്‍ ഇല്ലാത്തതും അടിയ്ക്കടി ഉണ്ടാകുന്ന ഭരണമാറ്റത്തിനനുസരിച്ച് മുന്‍ഗണനാക്രമം മാറ്റുന്നതും സര്‍വ്വകലാശാലയുടെ സുസ്ഥിര വികസനത്തിന് തടസ്സമാകുമെന്നും വിഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്വയംഭരണാവകാശമുള്ള സ്ഥാപനമായിട്ടും സ്വയം നവീകരിക്കാനും ഭരണപരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകാനും സര്‍വ്വകലാശാല മടിക്കുന്നു. കാലഹരണപ്പെട്ടതും അപ്രസക്തങ്ങളുമായ നിയമങ്ങളും ചടങ്ങളും നടപടി ക്രമങ്ങളുമാണ് സര്‍വ്വകലാശാലയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സര്‍വ്വകലാശാലയുടെ നിലനില്‍പ്പിനെപോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഗ്രാന്റാണ് സര്‍വ്വകലാശാലയുടെ മുഖ്യധനസ്രോതസ്സ്. ഈ വസ്തുതകളൊക്കെ മറന്നുകൊണ്ട് യഥാസമയം അര്‍ഹമായ ഗ്രാന്റ് നല്‍കുന്നതില്‍ സര്‍ക്കാര്‍ തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. പരീക്ഷകളുടെ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്തി വിദ്യാര്‍ത്ഥി സമൂഹത്തോട് നീതി പുലര്‍ത്താന്‍ കഴിയണമെങ്കില്‍ സര്‍വ്വകലാശാലയുടെ പരീക്ഷാസംവിധാനം സമഗ്രമായി അഴിച്ചു പണിയണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും തൊഴില്‍ സാധ്യതകള്‍ക്കും അയ്യന്‍കാളി സെന്റര്‍േഫാര്‍ എസ്സി,എസ്റ്റി ഡവലപ്പ്‌മെന്റ് പ്രവര്‍ത്തനമാരംഭിക്കണം. എം.ജി സര്‍വ്വകലാശാലയുടെ കാമ്പസിനോടൊപ്പം അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ കോളേജ് കാമ്പസുകളെയും കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതയില്‍പെടുത്തി മാലിന്യമുക്തമാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറ്റവും മികച്ച സേവനം നല്‍കുകയെന്ന കാഴ്ചപ്പാടോടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ആധുനികവല്‍ക്കരിക്കാനും കാര്യക്ഷമമാക്കാനും പ്രയോഗിക നിര്‍ദ്ദേശങ്ങളും വിഷന്‍ 2020 വിഭാവനം ചെയ്യുന്നു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍. വെങ്കിടേശ്വരന്‍, ജനറല്‍ സെക്രട്ടറി രമേശ്കുമാര്‍, ആര്‍. രാജീവ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.