മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരും കൈകോര്‍ക്കുന്നു

Monday 11 May 2015 2:32 am IST

കൊച്ചി: പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും  കേരളത്തില്‍ ഇസഌമിക ഭീകരരും മാവോയിസ്റ്റുകളും  കൈകോര്‍ക്കുന്നു. അടുത്തിടെ ഹൈന്ദവസമൂഹത്തെയും സംസ്‌കാരത്തെയും ലക്ഷ്യമിട്ട് നവസമരങ്ങളെന്ന പേരില്‍ അരങ്ങേറിയ പ്രതിഷേധങ്ങളിലും ഭീകരവാദ വിരുദ്ധ നിയമമായ യുഎപിഎയെ എതിര്‍ക്കുന്നതിലും ഇരുകൂട്ടരും ഒറ്റക്കെട്ടായിരുന്നു.  അറസ്റ്റിലായ രൂപേഷും ഷൈനയും ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് നേതാക്കള്‍ക്കുവേണ്ടി രംഗത്തുള്ളത് ഭീകരവാദ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള മുസ്ലിം സംഘടനകളാണ്. ഇരുവരുടെയും അജണ്ടകള്‍ ഒന്നാണെന്ന് ആദ്യം വ്യക്തമായത് ചുംബന സമരത്തിലാണ്. മാവോയിസ്റ്റ് നിഴല്‍സംഘടനകള്‍ ആരംഭിച്ച ചുംബന സമരത്തിനെതിരെ തുടക്കത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഹിന്ദുത്വത്തിനെതിരെ മാത്രമാണെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ പിന്മാറി. മലപ്പുറത്ത് നടത്താനിരുന്ന സമരം ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഇവര്‍  ഒഴിവാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അയ്യപ്പഭക്തര്‍ക്കെതിരായ പ്രതിഷേധവുമായി ഒരുകൂട്ടം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലിലെ 'മതമില്ലാത്ത' മാധ്യമ പ്രവര്‍ത്തകയും മദനികേസിലെ സാക്ഷികളെ സ്വാധീനിക്കാനിറങ്ങി കേസുമായി നടക്കുന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകയുമായിരുന്നു ഇതിന് പിന്നില്‍. ചാനല്‍ പ്രവര്‍ത്തകയെ അശുദ്ധി ആരോപിച്ച് പമ്പാ ബസില്‍ നിന്നും ഇറക്കിവിട്ടു എന്ന് പ്രചാരണം നടത്തിയായിരുന്നു പ്രതിഷേധം.  ഇത് ഗൂഢാലോചനയായിരുന്നുവെന്ന് നവമാധ്യമങ്ങളില്‍ ആരോപണമുയരുകയും ചെയ്തു. ആര്‍ത്തവ സമയത്ത് ക്ഷേത്രപ്രവേശനം അനുവദിക്കാത്തത് സ്ത്രീ വിവേചനമാണെന്ന് സ്ഥാപിക്കാന്‍ ജമാ അത്തെ ഇസ്ലാമിയുടെ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചതും ഗൂഢാലോചനയിലേക്കാണ്  വിരല്‍ചൂണ്ടുന്നത്. ഈ സംഭവം ക്ഷേത്രവിശ്വാസത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കാന്‍ തീവ്ര ഇസ്ലാമിക-ഇടത് അനുഭാവമുള്ളവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ  കൂട്ടുകെട്ടിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്  കൊച്ചിയില്‍ മാവോയിസ്റ്റ് ആഭിമുഖ്യമുള്ള സംഘടന നടത്തിയ കെട്ടുതാലി ചുട്ടെരിക്കല്‍ സമരം. ഭീകരവാദവിരുദ്ധ നിയമം പിന്‍വലിക്കണമെന്ന കാര്യത്തിലും ഇരുഭീകരര്‍ക്കും ഒരേ ശബ്ദമാണ്. ഇരുകൂട്ടരുടെയും പരിപാടികളുടെ പൊതുസ്വഭാവം ഹിന്ദുവിരുദ്ധതയാണ്. മതനിരാസം അവകാശപ്പെടുന്ന മാവോയിസ്റ്റുകള്‍ മുസ്ലീം വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന പ്രസ്താവനകള്‍പോലും നടത്തില്ല. ആര്‍ത്തവ സമയത്തെ ക്ഷേത്രപ്രവേശനം ചര്‍ച്ചചെയ്യുന്നവര്‍ ്പള്ളിയില്‍  മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ചര്‍ച്ചചെയ്യാറില്ല.കെട്ടുതാലി ചുട്ടെരിക്കുന്നവര്‍  പര്‍ദ്ദ വലിച്ചുകീറാന്‍ മെനക്കെടാറുമില്ല. മാവോയിസ്റ്റ് ഭീകരതയെ ഇസ്ലാമിക സംഘടനകള്‍ പരസ്യമായി പിന്തുണക്കുന്നതും കാണാം. കേരളത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തികവും സംഘടനാപരവുമായ സഹായം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര മുസ്ലീംസംഘടനകളാണ്. മാവോയിസ്റ്റ് നേതാക്കള്‍  അറസ്റ്റിലാകുമ്പോള്‍ മനുഷ്യാവകാശത്തിന്റെ മുഖം മൂടിയണിഞ്ഞ് രംഗത്തെത്തുന്നത് ഇത്തരം സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യാജ സാമൂഹ്യ പ്രവര്‍ത്തകരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.