കേര കര്‍ഷകര്‍ ധര്‍ണ്ണ നടത്തി

Monday 11 May 2015 7:22 pm IST

കൊച്ചി: നീര ഉത്പാദിപ്പിക്കുന്ന നാളികേര കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയിലും വാഗ്ദാന ലംഘനത്തിലും പ്രതിഷേധിച്ച് നാളികേര വികസന ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 കേരോത്പാദക കമ്പനികളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനീസ് ജില്ലാ കളക്ടറേറ്റുകളില്‍ ധര്‍ണ്ണ നടത്തി. രാഷ്ട്രീയപാര്‍ട്ടികളുടെ സഹായില്ലാതെ തന്നെ മികച്ച സംഘടിത ശക്തിയായി മാറിക്കഴിഞ്ഞ കേരകര്‍ഷകരുടെ കൂട്ടായ്മയ്ക്ക്് പൂര്‍ണ്ണപിന്തുണ ലഭ്യമാക്കുമെന്ന് കൊല്ലം ജില്ലയിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യു പറഞ്ഞു. മലപ്പുറത്തും, അയ്യായിരം കര്‍ഷകര്‍ പങ്കെടുത്ത കണ്ണൂരിലെ ധര്‍ണ്ണയിലും കര്‍ഷകര്‍ ചിരട്ടകൊട്ടിയാണ് ജാഥയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയും ജില്ലയിലെ മറ്റ് രണ്ടു മന്ത്രിമാരുമായും ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് പേരാവൂര്‍ എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് കണ്ണൂരിലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആലപ്പുഴ കണ്ണന്‍ വര്‍ക്കി പാലത്തില്‍ നിന്നും ജാഥയായി ആലപ്പുഴ കളക്ടേററ്റില്‍ എത്തിയ ധര്‍ണ്ണ കരപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ അഡ്വ. പ്രിയേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.  മലപ്പുറം ജില്ലയിലെ ധര്‍ണ്ണ കണ്‍സോര്‍ഷ്യത്തിന്റെ ജനറല്‍ സെക്രട്ടറി നാസര്‍ പൊന്നാട്  ഉദ്ഘാടനം ചെയ്തു. നീര സംഭരണവും സംസ്‌ക്കരണവും നടത്തുന്നതിന് 2013-14 ബഡ്ജറ്റില്‍ വകയിരുത്തിയ 15 കോടി രൂപയുടെ ഗ്രാന്റ്, പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കമ്പനികള്‍ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് ഇതുവരെ നടപ്പില്‍ വരുത്താതിരിക്കുകയും ഈ തുക ലാപ്‌സാവുകയും ചെയ്ത സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യം സമരത്തിനിറങ്ങിയതെന്ന് ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.