ന്യൂദല്‍ഹി: ഒസാമ ബിന്‍ ലാദനെ വധിച്ചത് സംബന്ധിച്ച് അമേരിക്ക പുറത്തുവിട്ട കഥകള്‍ മെനഞ്ഞെടുത്ത കള്ളമായിരുന്നുവെന്ന് പ്രമുഖ അമേരിക്കന്‍ അന്വേഷണാത്മക പത്രപ്രവര്ത്തകന് സെയ്മര്‍ ഹെര്‍ഷ്. 2011ല്‍ അബോട്ടാബാദില്‍ നടന്ന .യുഎസ് നേവി സീല്‍ വിങ്ങിന്റെ ഓപറേഷന് പാക്കിസ്ഥാന് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സഹായം ഉണ്ടായിരുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
മെയ് 2011ലെ ഒസാമ റെയ്ഡിനെക്കുറിച്ച് സെയ്മര്‍ ഹെര്‍ഷ് ലണ്ടന്‍ റിവ്യൂ ഓഫ് ബുക്ക്സില്‍ എഴുതിയ ലേഖനത്തിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ക്രൂരനും അപകടകാരിയുമായ ഭീകരനായ ഒസാമ ബിന്‍ ലാദന് 2006 മുതല്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തടവുകാരനായി അബോട്ടാബാദില്‍ കഴിഞ്ഞുവരികയായിരുന്നു.
പാക്കിസ്ഥാന് കരസേനാ തലവന്‍ അഷറഫ് പര്‍വേസ് കയാനി, ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഷുജ പാഷ എന്നിവര്‍ക്ക് നേരത്തെതന്നെ അമേരിക്കയുടെ പദ്ധതി അറിയാമായിരുന്നു. യുഎസ് നേവി സീല്‍ വിങ്ങിനെയും കൊണ്ടുള്ള രണ്ട് ഹെലികോപ്ടറുകള്‍ പാക്കിസ്ഥാന്റെ ആകാശപരിധിയില്‍ കടന്നത് യാതൊരു തടസ്സങ്ങളുമില്ലാതെയായിരുന്നു. ഇതിന് പാക്കിസ്ഥാന് സൗകര്യമൊരുക്കുകയായിരുന്നു.
അബോട്ടാബാദില്‍ ലാദന് ഉള്ള കാര്യം ഒരു മുന്‍ സീനിയര്‍ രഹസ്യാന്വേഷണ ഓഫീസര്‍ക്ക് അറിയാമായിരുന്നുവെന്ന് ഹെര്‍ഷ് പറഞ്ഞു. 25 മില്ല്യണ്‍ ഡോളര്‍ പ്രതിഫലം നല്കി ഈ വിവരം ഈ ഉദ്യോഗസ്ഥനില്‍ നിന്നും അമേരിക്ക ചോര്‍ത്തുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇയാള്‍ പിന്നീട് വാഷിങ്ടണിലേക്ക് മാറുകയും ഇപ്പോള്‍ സിഐഎയുടെ കണ്‍സള്‍ട്ടന്റായി ജോലിനോക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒസാമയെ സംബന്ധിച്ച് ലഭിച്ച വിവരം യുഎസ് സ്ഥിരീകരിക്കുകയും സാറ്റ്ലൈറ്റിലൂടെ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. അമേരിക്ക പിന്നീട് ഐഎസ്ഐയെ വിവരമറിയിക്കുകയും ഒബാമയുടെ പദ്ധതി അറിയിക്കുകയും ചെയ്തു. അതനുസരിച്ച് കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയായിരുന്നു.
ഒസാമയെ വധിച്ചത് സംബന്ധിച്ച് വൈറ്റ് ഹൗസ് പറഞ്ഞത് പൂര്‍ണ്ണമായും ഭാവനയായിരുന്നു. ലൂയിസ് കരോളായിരുന്നു ഇത് എഴുതി തയ്യാറാക്കിയത്. സൗദി സര്‍ക്കാരിനും ഒസാമ അബോട്ടാബാദില്‍ ഉള്ളകാര്യം അറിയാമായിരുന്നു. പാക്കിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വ്വത നിരകളിലോ അഫ്ഗാനിസ്ഥാനിലോ ആണ് ലാദനെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്.
അമേരിക്കയുടെ മെനഞ്ഞെടുത്ത കഥയെക്കുറിച്ച് പക്ഷെ ജനറല്‍ കയാനിക്കോ, ജനറല്‍ പാഷക്കോ അറിയാമായിരുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. 2011 മെയ് രണ്ടാം തീയതി രാത്രിയാണ് ഒസാമ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: