ദേശീയ ചക്ക മഹോത്സവം സെമിനാര്‍ ശ്രീപദരേ ഉദ്ഘാടനം ചെയ്യും

Monday 11 May 2015 7:46 pm IST

ആറന്മുള: ചക്ക ഒരു ജീവനോപാധി എന്ന വിഷയം കേന്ദ്രീകരിച്ച്  മൂന്ന് ദിവസം നീളുന്ന സെമിനാര്‍ ലോക പ്രശസ്ത ചക്ക ഉത്പന്ന ഗവേഷകന്‍ ശ്രീപദരേ ഉദ്ഘാടനം ചെയ്യും.  15 ന് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിലെ ദേശീയ ചക്ക മഹോത്സവ വേദിയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കൂട്ടായ്മയിലൂടെ ഉത്പന്ന രംഗത്ത് സമഗ്രവും ആസൂത്രിതവുമായി പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുക, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവും , വിപണനവും വഴി തൊഴില്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുക എന്നിവയിലൂന്നിയുള്ള പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുന്നത്. ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. ശ്യാമള റെഡ്ഡി , ഭരണങ്ങാനം ഗ്രാമ ഡയറക്ടര്‍ ജോസഫ് ലൂക്കോസ്, ബാംഗ്ലൂര്‍ ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. വി. ഹിട്ടലമണി,  ഡോ. എന്‍. സുധോധനന്‍, മില്‍ട്ടോ തോമസ് , ഡോ. ആര്‍.വി. തിവാരി, ഡോ. സി.പി . റോബര്‍ട്ട്, കെ.സി. മിത്ര, ഡോ. തോമസ് പി. തോമസ് തുടങ്ങിയ 30ഓളം ശാസ്ത്രജ്ഞരും ഗവേഷകരും സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വ്യവസായ സംരംഭകര്‍, സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സെമിനാറില്‍ പങ്കെടുക്കാം. കേരളത്തിന്റെ ജൈവ സമ്പത്ത് എന്ന വിഷയത്തില്‍ 16 ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ക്വിസ് മത്സരം നടത്തും. മത്സരവിജയികള്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ചക്ക അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പന്നങ്ങളുടെ മത്സരത്തിനായി  18 ന് പാചക മത്സരവും, ചക്കമഹോത്സവേദിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നുപേര്‍ അടങ്ങുന്ന ടീമായി ചക്ക ഉത്പന്നങ്ങള്‍ തയ്യാറാക്കുന്ന പാചക മത്സരത്തിലെ വിജയികള്‍ക്ക്  5000, 3000, 2000 ക്രമത്തില്‍ കാഷ്  അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ 9447256927, 9447791735 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.