പെട്രോനെറ്റ് പദ്ധതി പൂര്‍ത്തിയാക്കണം

Monday 11 May 2015 9:44 pm IST

കൊച്ചിയിലെ പെട്രോനെറ്റ് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാതെ പ്രതിവര്‍ഷം 400 കോടി രൂപ നഷ്ടത്തിലാണെന്നത് കേരളസര്‍ക്കാരിന്റെ ഭരണവീഴ്ചക്ക് അടിവരയിടുന്നു. ഈവിധം നഷ്ടം സഹിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് പെട്രോനെറ്റ് സിഇഒ: എ.കെ. ബല്യാന്‍ പറയുന്നത്. ലോകം മുഴുവന്‍ പ്രകൃതിവാതകത്തിലേക്ക് തിരിഞ്ഞുകഴിഞ്ഞ അവസ്ഥയിലും ഇഛാശക്തിയില്ലാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യറാകുന്നില്ല. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ കേരളസര്‍ക്കാര്‍ തങ്ങളുടെ വീഴ്ചക്ക് കേന്ദ്രത്തെയും ഗെയിലിനെയും കുറ്റപ്പെടുത്തുകയാണ്. ഇവിടുത്തെ വ്യവസായശാലകള്‍ കല്‍ക്കരി, നാഫ്ത, എല്‍പിജി എന്നിവയുടെ ഉപയോഗം തുടരുകയും ചെയ്യുന്നു. വലിയ പ്രതീക്ഷയോടെ തുടങ്ങിയ ഈ സ്വപ്‌നപദ്ധതി നടപ്പാക്കാനുള്ള പൈപ്പ്‌ലൈനുകള്‍പോലും സ്ഥാപിക്കാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. കേരളത്തിനൊപ്പം ഈ പദ്ധതി പരിഗണിച്ച ഗുജറാത്തില്‍ എല്‍എന്‍ജി പദ്ധതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൊച്ചിയില്‍നിന്നും  മംഗലാപുരത്തേക്കുള്ള പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കാന്‍പോലും സര്‍ക്കാരിനായിട്ടില്ല. പ്രാദേശികവികാരം കുത്തിപ്പൊക്കി വോട്ടുബാങ്ക് സ്ഥാപിച്ച് ഭരണത്തില്‍ കയറാനാണ്, ജനനന്മയല്ല ഈ സര്‍ക്കാരിന്റെ ലക്ഷ്യം. വികസനകാര്യത്തില്‍ സംസ്ഥാനം രാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന് ബില്യാന്‍ പറയാന്‍ കാരണവുമിതാണ്. പദ്ധതി പ്രാവര്‍ത്തികമാകാത്തതുകാരണം വാര്‍ഷികനഷ്ടം 400 കോടി രൂപയാണ്. വികസനം കേരളസര്‍ക്കാരിന്റെ സ്വപ്‌നമല്ല. ഇവിടെ വികസിക്കുന്നത് അഴിമതി മാത്രമാണല്ലോ. എല്‍എന്‍ജിയിലേക്ക് മാറിയാല്‍ വ്യവസായശാലകള്‍ വികസിച്ച് ലാഭം കൊയ്താല്‍ അഴിമതിക്ക് വകുപ്പില്ലല്ലോ. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളേക്കാള്‍ 25 ശതമാനം പ്രസരണക്കുറവുള്ളതും താരതമ്യേന സുരക്ഷിതവുമായ ഇന്ധനമാണ് എല്‍എന്‍ജി. വ്യവസായം വികസിച്ചാല്‍ തൊഴില്‍രാഹിത്യം അനുഭവിക്കുന്ന കേരളജനതക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാകും. കേരളം എല്‍എന്‍ജിയിലേക്ക് മാറിയാല്‍ വാര്‍ഷിക വരുമാനം 1000 കോടി രൂപയാകുമെന്നാണ് ബല്യാന്‍ പറയുന്നത്. പെട്രോളിയം ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് പകരം പ്രകൃതിവാതകം ഉപയോഗിച്ചാല്‍ 7000-8000 കോടി രൂപ രൂപ സാമ്പത്തികലാഭം നേടാന്‍ സാധ്യമാകും. പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്ത് കൊടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. സ്ഥലം ഏറ്റെടുക്കല്‍ കേരളത്തില്‍ എന്നും പ്രശ്‌നമാണെന്ന് മംഗലാപുരം-കൊച്ചി പൈപ്പ്‌ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ തെളിയിക്കുന്നു.  ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിട്ടും പുരോഗതിയില്ല. കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ജോലി പൂര്‍ത്തിയായാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും സിറ്റി ഗ്യാസ് സംവിധാനം നടപ്പാക്കാനും പദ്ധതി തയ്യാറാകും. എല്‍എന്‍ജി റീലോഡിംഗ്, എല്‍എന്‍ജി കപ്പലുകളുടെ കൂളിംഗ് മുതലായവ കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യമാവും. കേരളം മുഴുവന്‍ എല്‍എന്‍ജിയിലേക്കു മാറിയാല്‍ 1000 കോടി രൂപയുടെ വാര്‍ഷികവരുമാനം ഉണ്ടാകുമത്രേ. ഇവിടെ എല്‍എന്‍ജി ഇറക്കി കയറ്റുമതിരംഗം വികസിക്കാന്‍ എല്‍എന്‍ജി ബങ്കര്‍ പിഎല്‍എന്‍ സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്ത് പ്രകൃതിവാതകത്തിലേക്ക് തിരിഞ്ഞപ്പോള്‍ 4000 കോടി രൂപയാണ് 'വാറ്റ്' ആയി നേടിയത്. ദഹേജ് ടെര്‍മിനലിന്റെ കപ്പാസിറ്റിയോട് 2.5 ദശലക്ഷം ടണ്‍കൂടി കൂട്ടി ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ടെര്‍മിനലായി അത് മാറും. ഇവിടെ എല്‍എന്‍ജിയുടെ സ്ഥാപിതശേഷിയുടെ ഒരു ശതമാനം പോലും ഉപയോഗിക്കാനായിട്ടില്ല. എല്‍എന്‍ജി പൈപ്പ്‌ലൈന്‍ പൂര്‍ത്തിയായില്ലെങ്കില്‍ 4600 കോടി രൂപ മുതല്‍മുടക്കില്‍ അമ്പത് ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷശേഷിയോടെ സ്ഥാപിച്ച പുതുവൈപ്പ് ടെര്‍മിനല്‍ സംസ്ഥാനത്തിന് നഷ്ടമാകും. നഗരത്തിലെ വീടുകളിലും ഹോട്ടലുകളിലും പൈപ്പ്‌ലൈന്‍വഴി പാചകത്തിനുള്ള പ്രകൃതിവാതകം എത്തുന്നതോടെ കൊച്ചി നിവാസികള്‍ അഭിമുഖീകരിക്കുന്ന പാചകവാതകക്ഷാമത്തിനും പ്രതിസന്ധികള്‍ക്കും വിരാമമാകും. ഒപ്പം വിലകുറഞ്ഞ ഇന്ധനം ലഭ്യമാകുന്നുവെന്ന നേട്ടവുമുണ്ട്. കൊച്ചി നഗരത്തില്‍ മാത്രമാണ് സിറ്റി ഗ്യാസ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെങ്കിലും മികച്ച കമ്പനികള്‍ വന്നില്ല. ജില്ലയില്‍ 43 കിലോമീറ്റര്‍ നീളത്തില്‍ ഗെയില്‍ സ്ഥാപിച്ച എല്‍എന്‍ജി പൈപ്പ്‌ലൈന്‍ കിന്‍ഫ്ര, അമ്പലമുകള്‍ സെസ്, കളമശ്ശേരി വഴി കടന്നുപോകുന്നു. ഇവിടെ എവിടെയെങ്കിലും സിറ്റിഗ്യാസ് പദ്ധതി സ്ഥാപിക്കുക. 20,000 ടണ്‍ പ്രകൃതിവാതകം ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.