മെസിയും ക്രിസ്റ്റ്യാനോയും തുല്യരെന്ന് മറഡോണ

Monday 11 May 2015 10:03 pm IST

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയുടെ ലയണല്‍ മെസിയാണോ അതോ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍?, സമകാലിക ഫുട്‌ബോള്‍ വിദഗ്ധരും ആരാധകരും ഘോരഘോരം തര്‍ക്കിക്കുന്ന വിഷയമിത്. എന്നാല്‍ ഇതിഹാസ താരം ഡീഗോ മറഡോണ തന്റെ നാട്ടുകാരനായ മെസിക്കും യൂറോപ്പിന്റെ പ്രതിനിധിയായ ക്രിസ്റ്റ്യാനോയ്ക്കും നല്‍കുന്നു- തുല്യ മാര്‍ക്ക്. മെസിയാണോ ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചവന്‍ അതോ ക്രിസ്റ്റ്യാനോയാണോ മെസിയെക്കാള്‍ കേമന്‍ എന്ന തര്‍ക്കത്തില്‍ വലിയ കാര്യമില്ല. രണ്ടുപേരും ഒപ്പത്തിനൊപ്പം, മറഡോണ പറഞ്ഞു. ഗോള്‍ മുഖത്ത് ക്രിസ്റ്റ്യാനോ വേട്ടക്കാരനെപ്പോലെ. എതിരാളിയുടെ പകുതിയില്‍ ഒരിടത്തു നിന്നും  ഷൂട്ട് ചെയ്യാന്‍ ക്രിസ്റ്റ്യാനോയെ അനുവദിച്ചുകൂടാ. ഗോള്‍ കീപ്പര്‍മാര്‍ ക്രിസ്റ്റ്യാനോയെ ഭയക്കുന്നു. മെസിയെ അത്രത്തോളം അവര്‍ പേടിക്കുന്നില്ല. കാരണം മെസിയുടെ ഷോട്ടുകള്‍ക്ക് അത്ര കരുത്തില്ല. തികഞ്ഞ പ്രൊഫഷണലാണ് സിആര്‍ 7. ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹം മെസിക്ക് സമം നില്‍ക്കുന്നു, മറഡോണ കൂട്ടിച്ചേര്‍ത്തു. ബോക്‌സിനു പുറത്ത് സിആര്‍7 ആരെക്കാളും അപകടകാരിയാണെന്ന് അടിവരയിടുന്നതാണ് മറഡോണയുടെ വാക്കുകള്‍. സ്പാനിഷ് ലീഗിലും  ചാമ്പ്യന്‍സ് ലീഗിലുമൊക്കെ  മത്സരിച്ച് സ്‌കോര്‍ ചെയ്യുകയാണ് മെസിയും ക്രിസ്റ്റ്യാനോയും.  സീസണിലിതുവരെ  ബാഴ്‌സലോണയ്ക്കുവേണ്ടി 53 ഗോളുകള്‍ മെസി നേടിക്കഴിഞ്ഞു. റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ ഒരെണ്ണം കൂടുതല്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.