കോട്ടയം: ആര്‍എസ്എസ് കറുകച്ചാല്‍ താലൂക്ക് സംഘചാലകും കവിയുമായ കടയനിക്കാട് തയ്യില്‍ വി.എസ് ഭാസ്കരപ്പണിക്കര് (87-റിട്ട. പോസ്റ്റല്‍ സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം നാളെ
രാവിലെ 10ന്.
1928 ഒക്ടോബര്‍ 5 ന് വെട്ടിക്കാവുങ്കല്‍ ശങ്കരപിള്ളയുടെയും മേപ്രാല്‍ തങ്കിയമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ആര്‍എസ്എസ്സിന്റെ കേരളത്തിലെ പ്രാരംഭകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു ഭാസ്കരപ്പണിക്കര്. തപസ്യ കലാസാഹിത്യവേദിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജില്ലയിലെ തപസ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാര്‍ഗ്ഗദര്‍ശിയായിരുന്ന ഭാസ്കരപ്പണിക്കരെ 2012 ഡിസംബറില്‍ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ആദരിച്ചിരുന്നു.
രാഷ്ട്രഭക്തിയും ദേശാഭിമാനവും തുളുമ്പിനില്ക്കുന്ന നൂറുകണക്കിന് കവിതകള്‍ ഭാസ്കരപ്പണിക്കരുടേതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച മണ്ണിന്റെ ഗീതങ്ങള്‍. രാഷ്ട്രഭക്തിയുടെയും ദേശാഭിമാനത്തിന്റെയും ഭാരതസംസ്കൃതിയുടെയും സന്ദേശം വിളംബരം ചെയ്യുന്ന 121 കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്വള്ക്കറെക്കുറിച്ച് എഴുതിയ ശ്രീഗുരുജി ശതകമാണ് മറ്റൊരു ഗ്രന്ഥം.
കാളിദാസന്റെ മേഘസന്ദേശം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭരതമുനി മുതല്‍ 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജഗന്നാഥപണ്ഡിതര്‍ വരെ ഏതാണ്ട് രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതീയ കാവ്യശാസ്ത്രത്തെക്കുറിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നര്‍ത്തകി മൃണാളിനി സാരാഭായിയുടെ ‘അണ്ടര്സ്റ്റാന്ഡിങ് ഭരതനാട്യ’ എന്ന ഇംഗ്ലീഷ് പുസ്തകം ‘ഭരതനാട്യം അറിയേണ്ടതെല്ലാം’ എന്ന പേരില്‍ ഭാസ്കരപ്പണിക്കര് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ പുസ്തകം ഡി.സിബുക്സാണ് പ്രസിദ്ധീകരിച്ചത്.
ഭാര്യ: റ്റി. ശാന്തമ്മ പിള്ള തയ്യില്‍. മക്കള്‍ : പ്രൊഫ.റ്റി. ഹരിലാല്‍ (എസ്.എസ്.കോളേജ്, പെരുമ്പാവൂര്‍), റ്റി. ജയരാജ് (അഹമ്മദാബാദ്), റ്റി.രഘുരാജ് (ദുബായ്), മരുമക്കള്‍: ലതാ ഹരിലാല്‍, ബിന്ദു ജയരാജ്, ലേഖ രഘുരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: