കൊല്‍ക്കത്ത: കൃഷ്ണനഗറില്‍ നിന്നും സിയാല്‍ദയിലേക്ക് പോയ ലോക്കല്‍ ട്രെയിനില്‍ സ്ഫോടനം. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ആര്.ജി ഖര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ട്രെയിനില്‍ വെച്ചുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ ബാരക്ക്പോര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം.
അഞ്ചാം നമ്പര്‍ ബോഗിയില്‍ വെച്ച് ഏറ്റുമുട്ടിയ സംഘങ്ങള്‍ പരസ്പരം നാടന്‍ ബോംബുകള്‍ എറിയുകയായിരുന്നു. തീവ്രത കുറഞ്ഞ സ്ഫോടനമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഖര്‍ദാ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം.
പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില വണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: