മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Tuesday 12 May 2015 3:26 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തളളി.  പുതിയ ഡാമിനുളള കേരളത്തിന്റെ പരിസ്ഥിതി ആഘാതപഠനം തടയണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് ഹര്‍ജി നല്‍കിയിരുന്നത്. വേനലവധിക്കുശേഷമേ ഹര്‍ജി പരിഗണിക്കാനാവൂയെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്നും കോടതി വിലയിരുത്തി. ഇതോടെ പരിസ്ഥിതി ആഘാതപഠനവുമായി കേരളത്തിനു മുന്നോട്ടു പോകാം. മാര്‍ച്ച് അവസാനമാണ് പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതിയാഘാത പഠനത്തിന് സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് തീരുമാനമുണ്ടായത്. പഠനം നടത്താന്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് 2014 ഡിസംബറില്‍തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അപേക്ഷ പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെയാണ് പരിഹാരമുണ്ടായത്. ഇതിനെതിരെയാണ് തമിഴ്‌നാട് ഹര്‍ജി നല്‍കിയത്. പഠനം നടത്തുന്ന കേരളത്തിന്റെ നിലപാട് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നായിരുന്നു ഇവരുടെ നിലപാട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.