കണ്ണൂര്‍: ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലക്കോട് കരിങ്കയത്തെ ഓലിക്കല്‍ ജോര്‍ജ്ജ്- വത്സമ്മ ദമ്പതികളുടെ ഏകമകന് ടോണി(28), ഭാര്യ കച്ചേരിക്കടവിലെ പരേതനായ റോയിച്ചന്-തെയ്യാമ്മ ദമ്പതികളുടെ മകള്‍ വെട്ടിക്കല്‍ റിനു(25)എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ടോണിയുടെ പിതാവ് ജോര്‍ജ്ജിന് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാവിലെ മൈസൂര്‍- ബാംഗ്ലൂര്‍ റൂട്ടിലെ കൃഷ്ണരാജപുരത്തിന് സമീപത്തെ രാംനഗറിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം പതിനാറിനായിരുന്നു ഇരുവരുടെയും വിവാഹം. ബാംഗ്ലൂരിലെ സ്പര്‍ശ് ആശുപത്രിയിലെ പേഴ്സണല്‍ മാനേജറാണ് ടോണി. ഭാര്യ റിനു ഇതേ ആശുപത്രിയില്‍ നഴ്സായിരുന്നു. വിവാഹ അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവര്‍ ബാംഗ്ലൂരിലേക്ക് തിരിച്ചത്. റോബിന് ആണ് റിനുവിന്റെ സഹോദരന്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: