ചൈനാ സന്ദര്‍ശനം നാഴികക്കല്ലാകും: മോദി

Wednesday 13 May 2015 6:12 pm IST

ന്യൂദല്‍ഹി: ചൈനാ സന്ദര്‍ശനം ഏഷ്യയ്ക്കും വികസ്വര രാജ്യങ്ങള്‍ക്കും ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദര്‍ശനം ആഴത്തിലുള്ളതും സൗഹാര്‍ദ്ദപരവുമാണ്. സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സൗഹാര്‍ദ്ദപരമായി പരിഹരിക്കും. ബുദ്ധന്റെ നാടാണ് ഏഷ്യ. അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ട് യുദ്ധവിമുക്തമായിരിക്കണമെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്നും ചൈനീസ് സിസിടിവിയോട് മോദി പറഞ്ഞു. വികസ്വരരാഷ്ട്രങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ചൈനയും ഭാരതവും ഒരേ ഉത്തരവാദിത്വത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായി വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതാദ്യമായിട്ടാണ് സീ ജിന്‍ പിങ് ബീജിങ്ങിന് പുറത്ത് ഒരു വിദേശ രാഷ്ട്രതലവനെ സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയയുടെ മാധ്യമങ്ങളുമായും മോദി സംസാരിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് മെച്ചപ്പെട്ട പങ്കാളിയാണ് സോള്‍ എന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയുടെ ഉദ്പാദന ശക്തി ഭാരതത്തിന്റെ മനുഷ്യവിഭവങ്ങള്‍ക്കനുസൃതമായി ഉപയോഗപ്പെടുത്താവുന്നതാണെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.