സായി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കേന്ദ്രത്തിന്റെ വിപുലമായ കര്‍മ്മ പദ്ധതി

Wednesday 13 May 2015 7:26 pm IST

> സെന്ററുകളില്‍ മനശാസ്ത്രജ്ഞന്റെ സേവനം > യോഗ പഠനം തുടങ്ങും ന്യൂദല്‍ഹി: സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ് )ആലപ്പുഴ കേന്ദ്രത്തിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സായി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ കര്‍മ്മപദ്ധതി തയ്യാറാക്കി. 1 കായികതാരങ്ങളുടെ മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും കൗണ്‍സിലിംഗ് നല്‍കാനും എല്ലാ സായ് കേന്ദ്രങ്ങൡലും  മനശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാക്കും. 2 യോഗപരിശീലനം നിര്‍ബന്ധമാക്കും. എല്ലാ  കേന്ദ്രങ്ങളിലും ഇതിനായി പാര്‍ട്ട് ടൈം യോഗ അധ്യാപകരെ നിയോഗിക്കും. 3 സ്‌പോര്‍ട്ട്‌സ് സൈക്കോളജിയില്‍ രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം 4 സായി കേന്ദ്രങ്ങള്‍ പ്രശസ്ത താരങ്ങളെക്കൊണ്ട് ദത്തെടുപ്പിക്കും. അവരെ കായിക താരങ്ങളുടെ പരിപാലകരായും  കണക്കാക്കും. ഇത് വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് വലിയ പ്രചോദനമാകും നല്‍കുക. 5 ലൈംഗിക പീഡനം അടക്കമുള്ള പരാതികള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ എല്ലാ സായ് കേന്ദ്രങ്ങളിലും സ്ഥാപിക്കും. 6 അതത് സംസ്ഥാനങ്ങളിലെ കായിക വകുപ്പുമായി സായ് കേന്ദ്രങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടാക്കി നല്‍കും. അതിനുള്ള ഏകോപനം സാധ്യമാക്കും. 7 നിലവിലുള്ള സായ് കേന്ദ്രങ്ങളിലെ പഠന സംവിധാനം പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.ആവശ്യമായ അടിസ്ഥാന സൗകര്യം, ഉപകരണങ്ങള്‍. കോച്ചിംഗ്, സ്‌പോര്‍ട്ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്ട്‌സ് സൈക്കോളജി,നൈപുണ്യവികസനം,സമഗ്ര ആരോഗ്യ വികസനം,പരാതി പരിഹാര സംവിധാനം, ലൈംഗിക പീഡന വിരുദ്ധ സംവിധാനം എന്നിവയെല്ലാം സമിതി പഠിക്കും. വിദഗ്ധ സംഘം സായ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സമിതി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര സ്‌പോര്‍ട്ട്‌സ് മന്ത്രി സര്‍ബ്ബാനന്ദ് സോനോവാളിനു വേണ്ടി പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. ആലപ്പുഴ സായ് കേന്ദ്രത്തില്‍ നടന്ന സംഭവം വേദനാജനകമാണ്. നാലു പെണ്‍കുട്ടികള്‍ ഒതളങ്ങ കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവരില്‍ അപര്‍ണ്ണ രാമഭദ്രന്‍( 17) മരിക്കുകയും ചെയ്തു.മറ്റു മൂന്നു പേരുടേയും നില മെച്ചപ്പെട്ടു. വിവരമറിഞ്ഞയുടന്‍ സായ് ഡയറക്ടറെ അവിടേക്ക് അയച്ചു. അടിയന്തര നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചു. സായ് ഡയറക്ടര്‍ സംഭവസ്ഥത്ത് പോയി വിശദമായ റിപ്പോര്‍ട്ടും നല്‍കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു. മരണമടഞ്ഞ  അപര്‍ണ്ണയുടെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബത്തിന് അഞ്ചു ലക്ഷത്തിന്റെ ചെക്ക് നല്‍കി. മറ്റു മൂന്നു പേരുടെ ബന്ധുക്കള്‍ക്കും 25000 രൂപയുടെ സാമ്പത്തിക സഹായവും നല്‍കി. അപര്‍ണ്ണയുടെ അമ്മയ്ക്ക് സായി കേന്ദ്രത്തില്‍ ജോലിയും വാഗ്ദാനം ചെയ്തു. ഡയറക്ടര്‍ താരങ്ങളുമായും ചര്‍ച്ചകള്‍ നടത്തി.അതിന്റെ അടിസ്ഥാനത്തില്‍ നിരവധി നടപടികളും കൈക്കൊണ്ടു. 1 പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളെ മാനസിക ആഘാതത്തില്‍ നിന്ന് മോചിപ്പിക്കാന്‍ മനശാസ്ത്രജ്ഞരുടെ കൗണ്‍സലിംഗ് നടത്തും. 2 ആത്മഹത്യാ പ്രവണത കാട്ടുന്ന മൂന്നു പെണ്‍കുട്ടികളുടെ മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കും. അവരുടെ മാനസികാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ അവരുടെ അമ്മമാരെ സായ് ഹോസ്റ്റലില്‍ മക്കള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കും. 4 സായ് ഹോസ്റ്റല്‍ ഇപ്പോള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തരമായി, സായ് കേന്ദ്രത്തിനടുത്ത്  സ്വന്തം താമസസ്ഥലം ഒരുക്കി അവിടേക്ക് കായിക വിദ്യാര്‍ഥികളെ മാറ്റും. 5 കാര്യങ്ങള്‍ സാധാരണനിലയിലാകും വരെ ആലപ്പുഴ കേന്ദ്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറെ നിയോഗിക്കും. സംഭവത്തെപ്പറ്റി പലതലത്തിലുള്ള അന്വേഷണം നടക്കുകയായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും നടത്തുന്നില്ല. മന്ത്രി തുടര്‍ന്നു.സായി പരിശീലന സംവിധാനം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.