കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് ബിരുദ സിലബസില്‍ ഇസ്ലാമിക ഹിസ്റ്ററി ചേര്‍ക്കാന്‍ നീക്കം

Wednesday 13 May 2015 7:32 pm IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വീണ്ടും 'ചരിത്രം' സൃഷ്ടിക്കുന്നു. ഇംഗ്ലീഷ് ബിരുദ സിലബസ്സിനോടൊപ്പം കോംപ്ലിമെന്ററി വിഷയമായി ഇസ്ലാമിക് ഹിസ്റ്ററി കൂടി ചേര്‍ക്കാനാണ് സര്‍വകലാശാലയില്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇക്കാര്യം തീരുമാനിക്കുന്നതിനായി ഇംഗ്ലീഷ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും ഇസ്ലാമിക് ഹിസ്റ്ററി ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും സംയുക്ത യോഗം ഇന്ന് സര്‍വകലാശാലയില്‍ ചേരും. ഇംഗ്ലീഷ്് ബിരുദ സിലബസില്‍ നിലവിലുള്ള കോംപ്ലിമെന്ററി വിഷയങ്ങള്‍ക്കൊപ്പം ഇസ്ലാമിക് ഹിസ്റ്ററി കൂടി ചേര്‍ക്കാനുള്ള നീക്കത്തിന് മുന്നില്‍ അക്കാദമിക താല്‍പ്പര്യത്തിനപ്പുറം വര്‍ഗീയ താല്‍പ്പര്യങ്ങളാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വ്വകലാശാലക്ക് കീഴിലെ സ്വാശ്രയ മാനേജ്‌മെന്റുകളില്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദമാണിതിന് പിന്നില്‍. രണ്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഉള്ള അംഗങ്ങള്‍ ഭൂരിഭാഗവും മുസ്ലിം ലീഗിന്റെ അദ്ധ്യാപകസംഘടനയായ സികെസിടിയുടെ നേതാക്കളാണ്. ഈ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനമെടുക്കാനാണ് രഹസ്യ നീക്കം നടക്കുന്നത്. കോളജുകളില്‍ പരീക്ഷ നടക്കുന്നതിനാല്‍ പല അംഗങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ജേര്‍ണലിസം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ബ്രിട്ടന്‍, ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ എന്നിവയാണ് സിലബസ്സിലുള്ളത്. ഇതിലേക്കാണ് ഇംഗ്ലീഷ് ഭാഷാ പഠനവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത വിഷയം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. തീരുമാനം നടപ്പിലാവണമെങ്കില്‍ അക്കാഡമിക് കൗണ്‍സിലിന്റെയും ഡീന്‍ ഓഫ് ലാംഗ്വേജിന്റെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇവിടങ്ങളില്‍ മുസ്ലിം ലീഗിന്റെ ഭരണസ്വാധീനമുപയോഗിച്ച് അംഗീകാരം നേടിയെടുക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ മറ്റൊരു സര്‍വകലാശായിലും ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഇസ്ലാമിക ഹിസ്റ്ററി ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലീഷ് ഭാഷാപഠനവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങളും ഉണ്ടെന്നിരിക്കെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയം ഏച്ചുകെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. അല്‍ ക്വയ്ദ ഭീകരന്‍ ഇബ്രാഹിം അല്‍ റുബായിഷിന്റെ വിവാദ കവിത ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്ടംപററി ലിറ്ററേച്ചര്‍ എന്ന പാഠഭാഗത്തിലുള്‍പ്പെടുത്തിയ സര്‍വകലാശാലയാണ് പുതിയ വിവാദ നീക്കത്തിനും വഴി തുറക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.