ദേശീയ ചക്ക മഹോത്സവത്തിന് നാളെ തുടക്കം

Wednesday 13 May 2015 7:48 pm IST

ആറന്മുള:  ദേശീയ ചക്ക മഹോത്സവത്തിന്റെ ഉദ്ഘാടനം  നാളെ വൈകിട്ട് 4 ന് ആറന്മുളയില്‍ ചലച്ചിത്രതാരം മേനക സുരേഷ് നിര്‍വ്വഹിക്കും.  ആറന്മുളയിലെ പുത്തരിയാല്‍ ചുവട്ടില്‍ നിന്നും ചക്ക വഹിച്ചുകൊണ്ടുള്ള വാഹനങ്ങളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹോത്സവ നഗരിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് പ്രദര്‍ശന നഗരിയുടെ ഉദ്ഘാടനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് ജോര്‍ജ്ജും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷും പരിശീലന കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറും വിവിധ വേദികളിലായി നിര്‍വ്വഹിക്കും. ചക്കയുടെ സാദ്ധ്യതകള്‍ ആഗോള വീക്ഷണത്തിന്, മൂല്യവര്‍ദ്ധനവിലെ നൂതന മാര്‍ഗ്ഗങ്ങള്‍, സ്വദേശീയ പാരമ്പര്യ വിജ്ഞാനം, ചക്ക - അവസരങ്ങളും വിജയ സാദ്ധ്യതകളും, പ്ലാവ് തോട്ടവും ഇതര ഉപയോഗവും, ചക്കയുടെ മൂല്യ വര്‍ദ്ധന തുടങ്ങിയ വിവധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.  സെമിനാറുകളില്‍ ശ്രീപദ്‌രെ, ഡോ. സി.പി. റോബര്‍ട്ട്, ജിസി ജോര്‍ജ്ജ്, പ്രൊഫ. സി.ആര്‍. രാജഗോപാല്‍, ഡോ. എ. വിജയകുമാര്‍, ഷഹനാസ് ജി., ഫര്‍ഹീന്‍ താജ്, ഡോ. എസ്. വി. ഹിട്ടലമണി തുടങ്ങിയ നാല്‍പതോളം പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മഹോത്സവ വേദിയിലെ കലാ സന്ധ്യയുടെ ഉദ്ഘാടനം  15  ന് വൈകിട്ട് 7 ന് മനുരാജ് നിര്‍വ്വഹിക്കും. വൈകിട്ട് 7.30 നാടന്‍ കലയിലെ വിസ്മയ കാഴ്ചയായ മൊഴിയാട്ടം ചെങ്ങന്നൂര്‍ തായ്‌മൊഴി അവതരിപ്പിക്കും. 16 ന് വൈകിട്ട് കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗാനമേള. മൂന്നും നാലും ദിവസങ്ങളിലെ കലാസന്ധ്യയില്‍ ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍ അവതരിപ്പിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. സി.വി. ആനന്ദബോസ് ചെയര്‍മാനും  കുമ്മനം രാജശേഖരന്‍ വര്‍ക്കിംഗ് ചെയര്‍മാനും ഡോ. സുരേഷ് കുമാര്‍ സെക്രട്ടറി ജനറലുമായ 101 അംഗ സംഘാടക സമിതിയാണ് ചക്ക മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.  15 മുതല്‍ 18 വരെ രാവിലെ 10 മുതല്‍ രാത്രി 9.30 വരെ സൗജന്യമായാണ്  പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.