റായ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ പരിചയം ഐപിഎല്ലില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹായിച്ചെന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഓപ്പണര്‍ ശ്രേയസ് അയ്യര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനുമേല് ചൊവ്വാഴ്ച രാത്രി ഡെവിള്‍സ് നേടിയ ആറു വിക്കറ്റ് ജയത്തില്‍ ശ്രേയസ് (70 നോട്ടൗട്ട്, 10 ഫോര്‍, ഒരു സിക്സ്) സുപ്രധാന പങ്കുവഹിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 6ന് 119 എന്ന സ്കോറില്‍ ഡെവിള്‍സ് പിടിച്ചുനിര്‍ത്തി. രണ്ടു വിക്കറ്റു വീതം പിഴുത ആല്‍ബി മോര്‍ക്കലും സഹീര്‍ ഖാനുമാണ് സൂപ്പര്‍ കിങ്സിനെ വരിഞ്ഞുമുറുക്കിയത്. തുടര്‍ന്ന് 16.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം കളഞ്ഞ് ഡെവിള്‍സ് ലക്ഷ്യം മറികടന്നു. ശ്രേയസിനു പുറമെ യുവരാജ് (32) സിങ്ങും ഡെവിള്‍സ് നിരയില്‍ തിളങ്ങി.
രഞ്ജി കളിച്ചത് എനിക്കേറെ ആത്മവിശ്വാസം നല്കി. ഐപിഎല്ലില്‍ ഇത്രയും സ്കോര്‍ ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയില്ല. രഞ്ജി പകര്‍ന്ന ആത്മവിശ്വാസം മുറുകെപിടിച്ച് മുന്നോട്ടുപോകും, ശ്രേയസ് പറഞ്ഞു.
എന്റെ പ്രകടനത്തെ ആള്ക്കാര് എങ്ങനെ നോക്കിക്കാണുമെന്ന് ചിന്തിച്ചില്ല. പക്ഷേ , ടൂര്‍ണമെന്റ് പുരോഗമിക്കുംതോറും ഞാന്‍ ഫോമിലായി. അവസാനം വരെ ഇങ്ങനെ കളിക്കാമെന്നു കരുതി. നിര്‍ഭാഗ്യവശാല്‍ നമ്മള് പ്ലേ ഓഫിന് യോഗ്യരായില്ല. അതിനാല്‍ത്തന്നെ എല്ലാം നല്ലരീതിയില്‍ അവസാനിപ്പിക്കണമെന്നു നിശ്ചയിച്ചു.
രണ്ടു കളികള്‍ അവശേഷിക്കുന്നുണ്ട്. അവയില്‍ ജയിച്ചാല്‍ താരങ്ങള്‍ക്കും ഫ്രാഞ്ചൈസിക്കും സന്തോഷം. അടുത്ത സീസണില്‍ ആത്മവീര്യത്തോടെ തുടങ്ങാന്‍ അതു സഹായിക്കുമെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: