കടല്‍പ്പരപ്പില്‍ ഒഴുകിനടന്നത് മൂന്ന് ദിനരാത്രങ്ങള്‍ മരണത്തെ മുഖാമുഖം കണ്ട മത്‌സ്യത്തൊഴിലാളികള്‍ കൊച്ചിയിലെത്തി

Wednesday 13 May 2015 10:05 pm IST

തകര്‍ന്ന ബോട്ടില്‍നിന്നും കൊച്ചിയിലെത്തിയ മത്സ്യത്തൊഴിലാളികള്‍

മട്ടാഞ്ചേരി: മൂന്ന് ദിനരാത്രങ്ങള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കടല്‍പ്പരപ്പില്‍ ഒഴുകിനടന്ന മത്‌സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ട് കൊച്ചിയിലെത്തി. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ കിടന്ന് ആഴക്കടല്‍പരപ്പില്‍ മൂന്ന് പകലും രാത്രിയും കഴിച്ചുകൂട്ടിയ പത്ത് മത്‌സ്യത്തൊഴിലാളികളെയാണ് രണ്ട് മത്‌സ്യബന്ധന ബോട്ടുകള്‍ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്.

കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്‌സ്യബന്ധനത്തിന് പോയ ‘അത്ഭുതമാതാ’ എന്ന ഗില്‍നെറ്റ് ബോട്ടാണ് കടലില്‍ പാറയില്‍ തട്ടി തകര്‍ന്നത്. മെയ് 4 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ട് മെയ് 6 ന് രാത്രി എഞ്ചിന്‍ നിലച്ച് ഒഴുകിനടന്നാണ് പാറയില്‍ തട്ടി തകര്‍ന്നത്. കൊച്ചിക്ക് പടിഞ്ഞാറ് ‘വലിയപാനി’ എന്ന സ്ഥലത്ത്‌വെച്ച് ബോട്ട് തകര്‍ന്നതോടെ ആശയവിനിമയ സംവിധാനവുമില്ലാതായി.

ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ കിടന്ന് മൂന്നു ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ഒഴുകിനടന്നു. 9 ന് രാത്രി മുംബൈയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ഇവരെ കണ്ട് കോസ്റ്റ്ഗാര്‍ഡിന് സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് തീരസേന ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. ഇതിനിടെ ഇതുവഴി വന്ന ‘എല്‍ ആസ്‌കര്‍’ എന്ന മത്‌സ്യബന്ധന ബോട്ടിന് കപ്പല്‍ സന്ദേശം നല്‍കുകയും മത്‌സ്യത്തൊഴിലാളികളെ രക്ഷിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് കൊച്ചിയിലേക്ക് തിരിച്ച’ഇമ്മാനുവല്‍’ ബോട്ടിലൂടെ മത്‌സ്യത്തൊഴിലാളികള്‍ ബുധനാഴ്ച കൊച്ചിയിലെത്തിയത്.

കൊച്ചി ഹാര്‍ബറിലെത്തിയ ബോട്ടിലെ സ്രാങ്ക് രാജീസണ്‍, വിനോദ്, ഹൈജന്‍, എഡ്‌വിന്‍, അഡ്രോസ് എന്നിവരെ കോസ്റ്റല്‍ പോലീസിന് കൈമാറി പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ പുത്തുംതുറ സ്വദേശികളാണ് തൊഴിലാളികള്‍. കന്യാകുമാരി ഇരവിക്കുട്ടന്‍തറയിലെ ജസ്റ്റിന്റേതാണ് ബോട്ട്. 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പാറയിലിടിച്ച ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മത്‌സ്യത്തൊഴിലാളികള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.