സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുന്നു

Thursday 14 May 2015 11:24 am IST

പാലക്കാട്: ജില്ലയില്‍ സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വിലയായി 115.57 കോടി രൂപ ഇപ്പോഴും കുടിശ്ശിക. രണ്ടാം വിളയില്‍ റെക്കോര്‍ഡ് നെല്ലു സംഭരിച്ചിട്ടും യഥാസമയം വില നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.  തുക ലഭിക്കാത്തതിനാല്‍ ഒന്നാം വിളയിറക്കാനാകാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ മാസം 15 വരെ നെല്ലളന്ന കര്‍ഷകര്‍ക്കു മാത്രമേ വില നല്‍കിയിട്ടുള്ളൂ. ഈ ഇനത്തില്‍ 129.43 കോടിയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കുടിശ്ശിക വിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.  കേന്ദ്രവിഹിതം യഥാസമയം ലഭിക്കുന്നുണ്ട്. രണ്ടാം വിളയില്‍ ജില്ലയില്‍ നിന്ന് 1.28 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോര്‍പറേഷന് ഏറ്റവും കൂടുതല്‍ നെല്ലളന്നതും ജില്ലയില്‍ നിന്നാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉല്‍പാദനം വര്‍ധിച്ചിരുന്നു. അധികം വിളഞ്ഞ നെല്ലും കൃഷിവകുപ്പ് നല്‍കിയ  സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സപ്ലൈകോ ശേഖരിച്ചിരുന്നു. നെല്ലു സംഭരണത്തില്‍ അനുകൂല നിലപാടു സ്വീകരിക്കുന്ന കോര്‍പറേഷന്‍ പക്ഷേ വില വിതരണത്തില്‍ കര്‍ഷകരെ സഹായിക്കാനാകാത്ത അവസ്ഥയിലാണ്. ജില്ലയില്‍ ബാങ്കുകളുമായി സഹകരിച്ച് വായ്പ അടിസ്ഥാനത്തിലാണ് വില നല്‍കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസം 20 വരെ നെല്ലളന്ന കര്‍ഷകര്‍ക്കായി 24 കോടി രൂപയുടെ പേ ഓര്‍ഡര്‍ ബാങ്കുകളിലേക്ക് നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒന്നാം വിളയിറക്കം ആരംഭിച്ചിട്ടും തുക ലഭിക്കാത്തതിനാല്‍ പലരും കടം വാങ്ങിയാണ് കൃഷിക്കൊരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.