അലിഗഡ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വനിത ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Thursday 14 May 2015 2:44 pm IST

അലിഗഡ്: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വനിതയായ അസ്മ ജാവേദിനെ(28) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലിഗഡിലെ സിവില്‍ ലേന്‍സിലുള്ള അസ്മയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ചയാണ് പൂര്‍ണമായും അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അസ്മയുടെ വിവരങ്ങള്‍ അറിയാത്തതിനെ തുടര്‍ന്ന് എത്തിയ സഹോദരന്‍ സല്‍മാന്‍ പൊലീസ് സഹായത്തോടെ ഫ്‌ലാറ്റ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നാലഞ്ചു ദിവസം മുമ്പാണ് മരണം നടന്നതെന്നാണ് കരുതുന്നത്. ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാരും അറിയിച്ചിരുന്നു. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. തലയിലും മറ്റും മുറിവുകളുണ്ടായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതശരീരം. . വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നെന്നും അതിനാല്‍ യുവതിയെ കൊലപ്പെടുത്തിതാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറച്ച് പണവും യുവതിയുടെ ടാബ്‌ലെറ്റും അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മോഷണം പോയിട്ടുണ്ട്. മേയ് ഒമ്പതിന് ശേഷം താന്‍ അസ്മയുമായി സംസാരിച്ചിട്ടില്ലെന്ന് സഹോദരന്‍ സല്‍മാന്‍ ജാവേദ് പറഞ്ഞു. അതിന് ശേഷം പല തവണ വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായെന്ന സന്ദേശമാണ് ലഭിച്ചതെന്നും സല്‍മാന്‍ വ്യക്തമാക്കി. 2013ല്‍ അലിഗഡില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ അസ്മ അധ്യാപക പരിശീലനത്തിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ്  ദക്ഷിണ അമേരിക്കയിലേക്ക് പോയതുമുതല്‍ അലിഗഡിലെ ഫ്‌ലാറ്റില്‍ അസ്മ തനിച്ചായിരുന്നു താമസം. ഇയാളുടെ വിവരമാന്നും പിന്നീടില്ലായിരുന്നു. വിവാഹ മോചനം നടത്തിയിട്ടില്ല. ഇതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് ചികില്‍സയിലായിരുന്നു. അതിനിടെ, കുറച്ചു നാളുകള്‍ക്കുമുമ്പ് അസ്മ സ്ഥലത്തെ ഒരു വ്യാപാരിക്കെതിരെ പരാതി നല്‍കിയതായി സുഹൃത്ത് സൂര്യകാന്ത് ദ്വിവേദി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ ബലാല്‍സംഗം ചെയ്തതായായിരുന്നു പരാതി. എന്നാല്‍, പിന്നീട് പരാതി അസ്മ തന്നെ പിന്‍വലിച്ചതായും സുഹൃത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.