ഇടുക്കി എഡിഎമ്മിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി

Friday 15 May 2015 1:33 am IST

ഇടുക്കി: ഇടുക്കി എഡിഎം മോഹനന്‍പിള്ളക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഭരണരംഗത്തെ ഉന്നതര്‍ ഇടപെട്ട് മുക്കി. കോട്ടയം വിജയപുരം വില്ലേജ് പരിധിയില്‍ നിലം നികത്തി തണ്ടപ്പേരില്‍ ഇനം മാറ്റിയ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് ദക്ഷിണമേഖല വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് യുഡിഎഫിലെ ഉന്നതരിടപെട്ട് ഒതുക്കിയത്.  2013ല്‍ മോഹനന്‍പിള്ള കോട്ടയം ആര്‍ഡിഒയായി പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം വന്നത്. നടപടിയെടുക്കുന്നതിന് പകരം മോഹനന്‍പിള്ളയ്ക്ക് ഇടുക്കി എഡിഎമ്മായി സ്ഥാനക്കയറ്റം നല്‍കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തത്. കേസിനാസ്പദമായ സംഭവം ഇങ്ങനെ: കോട്ടയം ടൗണുമായി അതിരുപങ്കിടുന്ന വിജയപുരം വില്ലേജില്‍ മാങ്ങാനം കളരിക്കല്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വയല്‍ അഞ്ച് വര്‍ഷം മുന്‍പ് ചെന്നൈ കേന്ദ്രമായുളള അപ്പോളോ ആശുപത്രി സ്ഥാപിക്കുന്നതിനായി മണ്ണിട്ട് നികത്തിയത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ പ്രോജക്ട് ഉപേക്ഷിച്ച് പ്രദേശത്ത് ഫഌറ്റ് നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു. നാട്ടുകാര്‍ സമരവുമായി രംഗത്ത് വന്നതോടെ സംഭവം വിവാദമായി. ഒടുവില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയും ചെയ്തു. വിജയപുരം വില്ലേജില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത രേഖയില്‍  സ്ഥലത്തിന്റെ തണ്ടപ്പേരില്‍ അനധികൃതമായി പുരയിടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. എന്നാല്‍ അടിസ്ഥാന രേഖയില്‍ നിലമെന്ന് തന്നെയാണ് കിടക്കുന്നത്. ഈ തിരിമറിയില്‍ അഞ്ചോളം റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നതായും വിജിലന്‍സ് കണ്ടെത്തി. വിവാദമായ ഈ സംഭവത്തില്‍ 2013 മാര്‍ച്ച് 13ന് കോട്ടയം ആര്‍ഡിഒ ആയിരുന്ന മോഹനന്‍പിള്ളവയല്‍നികത്തുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. ആശുപത്രി നിര്‍മ്മാണത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച് ഇതര നിര്‍മ്മാണ പ്രവര്‍ത്തനം വയല്‍നികത്തിയെടുത്ത ഭൂമിയില്‍ നടത്താമെന്നായിരുന്നു ഉത്തരവ്. വിചിത്രമാണ് മോഹനന്‍പിള്ള ഇറക്കിയ ഉത്തരവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ഡിഒയുടെ നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നും വിവാദ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നുമാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭൂമാഫിയയും രാഷ്ട്രീയക്കാരും ഒത്തുകളിച്ചതോടെ മോഹനന്‍പിള്ളയ്‌ക്കെതിരെയുള്ള നടപടി ഫ്രീസറിലായി. അടുത്തിടെ മംഗളാ ദേവി ക്ഷേത്രത്തിലെ കാണിക്ക എണ്ണിത്തിട്ടപ്പെടുത്താതെ ചാക്കിലാക്കി കൊണ്ടുപോയ സംഭവത്തിലും ഇദ്ദേഹത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.