വിലയിടിവും വേനല്‍മഴയും റബ്ബര്‍ കര്‍ഷകര്‍ കടക്കെണിയിലേക്ക്

Friday 15 May 2015 1:35 am IST

പൊന്‍കുന്നം: വിലയിടിവും വേനല്‍മഴയും കാരണം റബ്ബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്.  റെയിന്‍ഗാര്‍ഡ് ഉപയോഗിച്ച് ടാപ്പിങ് നടത്തിയിരുന്ന കര്‍ഷകര്‍ ഇത്തവണ ഇതില്‍നിന്നും പിന്തിരിയുകയാണ്. റബ്ബര്‍വില കുറവായതിനാല്‍ റെയിന്‍ഗാര്‍ഡിംഗ് മുതലാവില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ശാശ്വതമായി വിലകൂടാതെ ടാപ്പിങ് പുനരാരംഭിക്കേണ്ടെന്ന നിലപാടിലാണ് കര്‍ഷകര്‍. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതോടെ ആഭ്യന്തരവിപണിയില്‍ വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച 7 രൂപവരെ കൂടിയത് ഇതിന് തെളിവാണെന്ന് ഇവര്‍ പറയുന്നു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി. വില ഉയരുന്നതുകണ്ട് ടാപ്പിങ് ആരംഭിക്കാന്‍ ആഗ്രഹിച്ച കര്‍ഷകര്‍ക്ക് മഴ തിരിച്ചടിയായി. ഇതോടെ ടാപ്പിങ് പൂര്‍ണമായി നിലച്ച അവസ്ഥയിലെത്തി. വിപണിയില്‍ റബ്ബര്‍ എത്തുന്നതേയില്ലെന്നു വ്യാപാരികള്‍ പറയുന്നു. വില ഉയരുന്നതനുസരിച്ച് ഒട്ടുപാല്‍ വിലയും ഉയരുന്നുണ്ട്. കിലോയ്ക്ക് 70 രൂപയിലേക്കു താഴ്ന്ന ഒട്ടുപാല്‍ വില ഇപ്പോള്‍ 80 രൂപ വരെയെത്തി. അന്താരാഷ്ട്ര തലത്തില്‍ ബാങ്കോക്ക് വില 119 രൂപ വരെ ഉയര്‍ന്നതാണ് ആഭ്യന്തരവില വര്‍ദ്ധനവിന് തുണയായത്.  മുമ്പ് ബാങ്കോക്ക് വില കിലോഗ്രാമിന് 104 രൂപയായിരുന്നു. എന്നാല്‍ മലേഷ്യന്‍ ക്രംബ് റബറിന്റെ വില ഉയരാതെ നില്‍ക്കുന്നതിനാല്‍ ഈ ഉയര്‍ച്ച താല്‍കാലികമാണെന്നു വിദഗ്ധര്‍ പറയുന്നു. മലേഷ്യന്‍ ക്രംബ് റബ്ബറിന്റെ വില 95 രൂപയാണ്. വര്‍ധിപ്പിച്ച ചുങ്കം നല്‍കി ഇറക്കുമതി ചെയ്താലും മലേഷ്യന്‍ റബറിന്റെ ഇറക്കുമതി വ്യവസായികള്‍ക്കു ലാഭമാണ്. മലേഷ്യന്‍ വിലനിലവാരം ഉയര്‍ന്നെങ്കില്‍ മാത്രമേ ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ വിലയ്ക്ക് സ്ഥിരതയുണ്ടാവൂ. അതേസമയം, റബ്ബര്‍ വില ഉയര്‍ത്തുന്നതിനുള്ള ശ്രമമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണവും ഇതുവരെ നടപ്പിലാകാത്തതു കര്‍ഷകരില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. റബ്ബര്‍ സംഭരണത്തിനായി തുക നീക്കിവയ്ക്കുമെന്നു ബജറ്റില്‍ പറഞ്ഞതല്ലാതെ ഇതുവരെ ഉത്തരവിറങ്ങിട്ടിയില്ല. കൂടിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും റബ്ബര്‍ വാങ്ങിയ സഹകരണ സംഘങ്ങള്‍ക്ക് ആനുകൂല്യം ഇതേവരെ നല്‍കാത്തതും ഈ മേഖലയില്‍ നിന്നും ഇത്തരക്കാര്‍ ഒഴിവായിനില്‍ക്കാന്‍ കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.