ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആന്റണി; സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലെന്ന് വി.ഡി. സതീശന്‍

Friday 15 May 2015 10:26 pm IST

തിരുവനന്തപുരം: സമസ്തമേഖലയിലും അഴിമതി നിറഞ്ഞതോടെ കേരളം അഴിമതിയില്‍ മുങ്ങി താഴുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകള്‍ പൂട്ടിയതോടെ കേരളത്തില്‍ കുടുംബ ബാറുകളൂടെ എണ്ണം കൂട്ടുവാന്‍ മാത്രമെ സര്‍ക്കാരിനായുള്ളു. മദ്യപാനാസക്തിക്കെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമായി. അധ്യാപക നിയമനം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വരെ അഴിമതിയും കോഴ വാങ്ങലും കൊടികുത്തി വാഴുന്നു എന്നും ആന്റണി ചൂണ്ടികാണിച്ചു. സര്‍ക്കാര്‍ തലത്തിലെ അഴിമതി കഥ കേട്ട് ജനം ചിരിക്കുകയാണ്. കാശുകൊടുക്കാതെ കാര്യം നടക്കില്ലെന്നത് ജനത്തിന്റെ അനുഭവം അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എ പ്രസിഡന്റ് എ.കെ. മുസ്തഫ, കെ. മുരളീധരന്‍ എംഎല്‍എ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സതീശന്‍ മുഖ്യമന്ത്രിക്കും എ- ഗ്രൂപ്പിനുമെതിരെ വിമര്‍ശന ശരം തൊടുത്തുവിട്ടത്. എ.കെ. ആന്റണി, സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ പരാമര്‍ശം ഉന്നയിച്ച് നിമിഷങ്ങള്‍ക്കകമാണ് സതീശനും ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. സാധാരണ പ്രവര്‍ത്തകന്റെ സാധ്യതകള്‍ തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ്. നേതൃമാറ്റം ആവശ്യപെടാത്തത് ആസന്നമായിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും സതീശന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ മുഖം കോണ്‍ഗ്രസില്‍ രമേശ്‌ചെന്നിത്തലയുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികളുടെ അഴിമതി യുപിഎ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രതികൂട്ടിലാക്കിയതിനാലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റില്‍ ഒതുങ്ങിക്കൂടേണ്ടി വന്നത്. ഇതേ അപകടം യുഡിഎഫിന് ഉണ്ടാകാതിരിക്കാന്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ ഉമ്മന്‍ ചാണ്ടി വായിച്ച് മുന്നോട്ട് പോകണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കെ.എം. മാണിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ബുദ്ധിപരമായ നിലപാടെടുക്കാന്‍ പാര്‍ട്ടി മറന്നു. ഈ പ്രതികൂല കാലാവസ്ഥ മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ മധ്യമേഘല ജാഥയെ നയിക്കാന്‍ ജോസ് കെ മാണിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.