യുഎസിലെ ഹിന്ദു ജനസംഖ്യയില്‍ വര്‍ധന

Friday 15 May 2015 7:07 pm IST

ന്യൂയോര്‍ക്ക്: യുഎസിലെ ഹിന്ദു ജനസംഖ്യയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2007ലേതിനേക്കാള്‍ 1.03 മില്യണ്‍ അധികമാണിതെന്ന് പ്യൂ റിസെര്‍ച്ച് സെന്ററിന്റെ റിലീജ്യസ് ലാന്‍ഡ്‌സ്‌കേപ്പ് പഠനത്തില്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ 2.23 മില്യണ്‍ ഹിന്ദുക്കളുണ്ട്, രാജ്യത്ത് നാലാം സ്ഥാനം. വിദ്യാഭ്യാസത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഹിന്ദുക്കള്‍ മുന്നിലെന്നും പരാമര്‍ശം. 2007ല്‍ യുഎസിലെ ആകെ ജനസംഖ്യ 301.2 മില്യണ്‍. അതില്‍ ഹിന്ദുക്കള്‍ 1.2 മില്യണ്‍. 2014ല്‍ 318.88 മില്യണില്‍ 2.23 മില്യണും ഹിന്ദുക്കള്‍. ശതമാനക്കണക്കില്‍ ഇത് 85.8. 2050 ആകുമ്പോഴേക്കും അമേരിക്കന്‍ ജനസംഖ്യയുടെ 1.2 ശതമാനം ഹിന്ദുക്കളാകുമെന്നും പ്യൂ കണക്കാക്കുന്നു. 4.78 മില്യണ്‍ വരുമിത്. ഹിന്ദു ജനസംഖ്യയില്‍ ലോകത്ത് അഞ്ചാമത്തെ രാജ്യമാകും ഇതോടെ യുഎസ്. വിദ്യാഭ്യാസത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് ഹിന്ദു സമൂഹം. 77 ശതമാനം പേര്‍ ബിരുദധാരികളും, 48 ശതമാനം പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. 27 ശതമാനമാണ് രാജ്യത്തെ ആകെ ശരാശരി. 36 ശതമാനത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം ഒരു ലക്ഷം യുഎസ് ഡോളര്‍. ദേശീയ ശരാശരി 19 ശതമാനം. ഹിന്ദു ജനസംഖ്യ കൂടുതല്‍ പടിഞ്ഞാറ് (38 ശതമാനം), വടക്കു കിഴക്ക് (33 ശതമാനം) മേഖലകളില്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനസംഖ്യയുടെ അഞ്ചു ശതമാനവും ന്യൂയോര്‍ക്കില്‍ മൂന്നു ശതമാനവും ഹിന്ദുക്കള്‍. അതേസമയം, ക്രൈസ്തവ ജനസംഖ്യയില്‍ ഇടിവ്. 2007ല്‍ 78.4 ശതമാനമായിരുന്നത് 2014ല്‍ 70.6 ശതമാനമായി കുറഞ്ഞു. എങ്കിലും ക്രൈസ്തവര്‍ മുന്‍നിര വിഭാഗമായി തുടരുന്നു. ജൂതര്‍, മുസ്ലിങ്ങള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനത്ത്. മതപരിവര്‍ത്തനമല്ല, ജീവിത രീതിയിലെ കാര്‍ക്കശ്യമാണ് ഹിന്ദു ജനസംഖ്യയിലെ വര്‍ധനയ്ക്കു കാരണമെന്നും പ്യൂ വ്യക്തമാക്കുന്നു. മറ്റു മതങ്ങളിലേക്ക് ഹിന്ദുക്കള്‍ പരിവര്‍ത്തനം ചെയ്യുന്നത് അപൂര്‍വം. വിവാഹമോചനക്കേസുകള്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ഹിന്ദുക്കള്‍ക്കിടയിലുള്ളു. 91 ശതമാനം പേരും സ്വന്തം മതത്തില്‍നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തുന്നു. അതേസമയം, സ്ത്രീ-പുരുഷ അനുപാതത്തിലെ അന്തരം ഞെട്ടിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. 62 ശതമാനം പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ 38 ശതമാനം മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.