പലിശയിളവ് നഷ്ടമാകാന്‍ സാദ്ധ്യത കുട്ടനാട്ടില്‍ രണ്ടാംകൃഷിക്ക് ഒരുക്കങ്ങളായി; ആശങ്കകളൊഴിയാതെ കര്‍ഷകര്‍

Friday 15 May 2015 10:31 pm IST

ആലപ്പുഴ: കുട്ടനാട്ടില്‍ രണ്ടാംകൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടും കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പുഞ്ചകൃഷി ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അനാസ്ഥ മൂലം പലിശയിളവ് പോലും നഷ്ടമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. കാര്‍ഷിക വായ്പാ തിരിച്ചടവ് കാലാവധി ഈമാസം അവസാനിക്കും. ഇതിനു മുമ്പ് വായ്പ പൂര്‍ണമായും തിരിച്ചടച്ചാല്‍ മാത്രമേ ഏഴു ശതമാനം പലിശയിളവ് ലഭിക്കുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇത് നഷ്ടമാകാനാണ് സാദ്ധ്യത. മാര്‍ച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ പണം മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. 30.48 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. 191 കോടിയിലേറെ രൂപയാണ് കുട്ടനാട്ടില്‍ മാത്രം സപ്ലൈകോ ഇനിയും നല്‍കാനുള്ളത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി നല്‍കിയതിനാലാണ് ഇത്രയും തുകയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിച്ചത്. നെല്ല് സംഭരണത്തിനായി 300 കോടി രൂപ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഈ തുക സപ്ലൈകോയ്ക്ക് അനുവദിക്കാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. നെല്ലു സംഭരണത്തിന് ചുരുങ്ങിയത് ഒരുവര്‍ഷം 750 കോടിയെങ്കിലും വേണ്ട സാഹചര്യത്തിലാണ് 300 കോടി പ്രഖ്യാപിച്ച് സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചത്. സര്‍ക്കാര്‍ യഥാസമയം നെല്ലുവില നല്‍കാത്തതിനാല്‍ കടക്കെണിയിലായ കര്‍ഷകര്‍ ബഹുഭൂരിപക്ഷവും രണ്ടാംകൃഷി ചെയ്യാന്‍ മടിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് കര്‍ഷകര്‍ രണ്ടാംകൃഷി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില പോലും നല്‍കാത്തത് കൊടും വഞ്ചനയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. രണ്ടാംകൃഷിക്ക് ജൂണ്‍ ആദ്യവാരത്തോടെ വിത്ത് വിതയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പതിനായിരത്തോളം ഹെക്ടറില്‍ മാത്രമാണ് ഇത്തവണ രണ്ടാംകൃഷിയിറക്കുന്നത്. വേനല്‍മഴ കടുത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കാര്‍ഷിക കലണ്ടര്‍ പാലിച്ച് യഥാസമയം കൃഷിയിറക്കാനും കൊയ്യാനും നെല്ലുവില ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കുട്ടനാട്ടില്‍ രണ്ടാംകൃഷി മുടങ്ങാനാണ് സാദ്ധ്യത. ഇത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയെ വരെ സാരമായി ബാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.