മറുപടിയുമായി വി.ഡി സതീശന്‍: വിമര്‍ശിച്ചവര്‍ രണ്ടു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അട്ടിമറിച്ചവര്‍

Saturday 16 May 2015 3:49 pm IST

കോഴിക്കോട്: തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. തന്നെ വിമര്‍ശിച്ചവര്‍ പഴയ രണ്ടു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അട്ടിമറിച്ചവരാണെന്നും പരസ്യമായി കെ.കരുണാകരനെയും രഹസ്യമായി എ.കെ ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യകാര്‍മികത്വം വഹിച്ചവരാണിവര്‍. അതിന്റെ കുറ്റബോധമാണ് ഇപ്പോള്‍ അവരുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്. ആരെങ്കിലും നേതൃത്വത്തെ വിമര്‍ശിച്ചാല്‍ ഉടന്‍ അത് നേതൃമാറ്റത്തിന് വേണ്ടിയുള്ള ചരടുവലിയാണ് എന്ന് അവര്‍ ശരിക്കും ഭയക്കുന്നു. അതാണ് അവര്‍ പണ്ട് ചെയ്തത് എന്ന സത്യമാണ് ഭയത്തിനുള്ള കാരണം. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഇന്നലെ പറഞ്ഞ കാര്യത്തിനെതിരെ നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇന്ന് കൊടിക്കുന്നില്‍ സുരേഷും മന്ത്രി കെ.സി ജോസഫും തനിക്കെതിരെ തിരിഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞത് ഇപ്പോഴുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് മുഖംമിനുക്കി കോണ്‍ഗ്രസ് പുറത്തുവരണം എന്നാണ്. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതാകും. അതുതന്നെയാണ് എ.കെ ആന്റണിയും പറഞ്ഞത്. യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍ സാധാരണക്കാരായ കോണ്‍ഗ്രസുകാരോട് ചോദിക്കൂ. അവര്‍ പറഞ്ഞുതരും. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിന് പ്രായം ഒരു മാനദണ്ഡമല്ല. താന്‍ സ്വാതന്ത്ര്യസമര സേനാനിയൊന്നുമല്ല. അതേസമയം തന്റെ പ്രവര്‍ത്തനങ്ങളൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ തന്നെ അത് വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.