ന്യൂദല്‍ഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയിട്ട് ഒരുവര്ഷത്തിലെത്തുമ്പോള് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി പ്രത്യേകം പദ്ധതി ആവിഷ്കരിക്കുന്നു.
ഇതിന്റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങളുടേയും നേതൃത്വത്തില്‍ രാജ്യമെമ്പാടുമായി ജനങ്ങളും മാധ്യമങ്ങളുമായി ആശയ വിനിമയം നടത്താന്‍ പ്രത്യേകം അവസരമൊരുക്കും. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കും. അതിനുശേഷം മറ്റുമന്ത്രിമാരും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തും.
കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ഈ പരിപാടി. കൂടാതെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 50 മുതല്‍ 60 വരെ പ്രചാരണ വാഹനങ്ങള്‍ നിയോഗിക്കാനും, പദ്ധതികളെക്കുറിച്ചുള്ള ചെറുപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യുന്നതിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി പ്രത്യേകം വെബ്സൈറ്റും രൂപം നല്‍കുന്നുണ്ട്. ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കീ ബാത് സംബന്ധിച്ചും ചില പുതിയ പദ്ധതികള്‍ക്ക് ആലോചനയുണ്ട്.
എന്‍ഡിഎസര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലുള്ള ജനങ്ങളിലേക്കും എത്തിക്കാനാണ് പ്രചാരണ പരിപാടികളുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചുള്ള പരിപാടികളുടെ പ്രത്യേക സംപ്രേഷണം ദൂരദര്ശന് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ കേന്ദ്രമന്ത്രിമാരുടെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തി മൂന്നാഴ്ച നീണ്ടു നില്ക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും സംപ്രേഷണം ചെയ്യും. പുറമേ ഭുവനേശ്വര്‍, ഗാന്ധിനഗര്‍, ഇന്തോര്‍, ഷില്ലോങ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക പരിപാടികളും ദൂരദര്ശന് ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: