മഹീധ്വജന്റെ അഹങ്കാരം തീര്‍ത്ത കഥ

Sunday 17 May 2015 8:57 pm IST

ഭരതശത്രുഘ്‌നന്മാരെയും ഹനുമാനെയും നേരിടാന്‍ മഹീധ്വജന്‍ പാശുപതാസ്ത്രം എടുത്തു. അതിന്റെ കിരണങ്ങളേറ്റ് ലക്ഷ്മണ ഭരതശത്രുഘ്‌നന്മാരും സേനയും നിലംപതിച്ചു. പക്ഷേ ഹനുമാനുമാത്രം ഒന്നും സംഭവിച്ചില്ല. ഹനുമാന്‍ ശ്രീരാമനെ ധ്യാനിച്ചു. ''ശ്രീറാം ജയറാം ജയ ജയറാം'' തല്‍ക്ഷണം ഹനുമാന്റെ നെഞ്ചില്‍ തട്ടി പാശുപതാസ്ത്രം അപ്രത്യക്ഷമായി. വീണ്ടും ഹനുമാന്‍ ശ്രീ ജയറാം എന്നു ഉറക്കെ ധ്യാനിച്ചു. ''ഹും ഇനിയും തിരിച്ചാക്രമിച്ചില്ലെങ്കില്‍ ഇവന്റെ അഹങ്കാരം വര്‍ദ്ധിക്കുകയേ ഉള്ളൂ'' അടുത്തനിമിഷം അലറിക്കൊണ്ട് കുതിച്ചുവന്ന ഹനുമാനെ കണ്ട് സൈന്യം വിരണ്ടോടി. രക്ഷിക്കണേ.... ഹമ്മോ.... ഓടിക്കോ.... ഹനുമാന്‍ മഹീധ്വജന്റെ ആനയെ വാലില്‍ പിടിച്ചുയര്‍ത്തി ചുഴറ്റിയെറിഞ്ഞു. ''ഹയ്യോ....'' ''ശിവശങ്കരനെ അഭയം പ്രാപിക്കുക തന്നെ... എന്നു നിശ്ചയിച്ചുകൊണ്ട് മഹീധ്വജന്‍ ഒരു വരാന്തരത്തിലെത്തി ശിവനെ പ്രാര്‍ത്ഥിച്ചു തുടങ്ങി.'' ''ദേവാ... മഹാദേവാ.... ഈയുള്ളനെ രക്ഷിച്ചാലും...'' അവന്റെ പ്രാര്‍ത്ഥന കേട്ട് സംപ്രീതനായിതീര്‍ന്ന കൈലാസനാഥന്‍ പ്രത്യക്ഷനായി. ''സംഹാരമൂര്‍ത്തേ.... അവിടുന്നു മാത്രമേ അടിയനു ശരണമുള്ളൂ.'' മഹാദേവന്‍ പറഞ്ഞു. ''ഓഹോ... നൂറു രാമന്മാര്‍ വന്നാലും ഭയമില്ലെന്നു പറഞ്ഞ നീ കേവലം രാമന്റെ ഒരു ദാസനെ കണ്ടു ഭയക്കുന്നുവോ? മഹാകഷ്ടം തന്നെ. ദേവാധിദേവാ! പ്രതിയോഗി അത്രമേല്‍ ശക്തനാണ് അവിടുന്ന് അവനെ പരാജയപ്പെടുത്തണം.'' ശരി. നാം നിന്റെയൊപ്പം വരാം. വേഗം വരൂ മഹാദേവാ. മഹീധ്വജന്‍ മഹാദേവനെയും കൂട്ടി ഹനുമാന്റെ മുന്നിലെത്തി. ശ്രീ പരമേശ്വരനോട് ഹനുമാന്‍ പറഞ്ഞു: അവിടുന്ന് ത്രൈലോക്യനാഥന്‍ . പക്ഷേ എനിക്കങ്ങയെ തെല്ലും ഭയമില്ല. ഇതുകേട്ട് മഹാദേവന്‍ ചോദിച്ചു. നീയാരാണ്, ഒന്നുകില്‍ നീയെന്റെ അംശാവതാരമായിരിക്കണം. അല്ലെങ്കില്‍ മഹാവിഷ്ണുവായിരിക്കും. മറ്റാര്‍ക്കും എന്റെ പാശുപതത്തെ പ്രതിരോധിക്കാനാവില്ല. പറയൂ നീയിതിലാരാണ്? ഞാന്‍ ശ്രീരാമസേവകനായ വെറുമൊരു വാനരന്‍ മാത്രം. മഹാശക്തന്മാരായ ദേവന്മാരുടെ മുന്നില്‍ ഞാനാരുമല്ല. അയോദ്ധ്യയിപ്പോള്‍ ശ്രീരാമന്റെ യജ്ഞം നടക്കുകയാണ്. അതൊരു ലോക മംഗളകൃത്യമാണ്. അങ്ങയുടെ  ഭക്തന്‍ അതിനു വിഘ്‌നം വരുത്തുവാന്‍ ശ്രമിക്കുന്നു. ഞാന്‍ അതനുവദിക്കില്ല. അങ്ങനെയാണോ? എങ്കില്‍ ഞാന്‍ എന്റെ മൂന്നാം കണ്ണു തുറക്കുകയാണ്. ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു. വേഗമാകട്ടെ ദേവാ. അങ്ങനെ ഈയുളളവന്റെ മനസ്സില്‍ പ്രകാശം നിറയുമെങ്കില്‍ ഭാഗ്യമായി.'' മഹാദേവന്‍ തൃക്കണ്ണു തുറന്നു. അഗ്നിജ്വാലകള്‍ ഹനുമാന്റെ നേര്‍ക്കു ശക്തിയോടെ പ്രസരിച്ചു. എന്നാല്‍ അതത്രയും ഹനുമാന്‍ വിഴുങ്ങിക്കളഞ്ഞു. ''ഗ്‌ളും'' ''ങേ.....'' ഭഗവാന്‍ ശ്രീപരമേശ്വരന്‍ അതിശയിച്ചു. ശിവശങ്കരന്‍ തൃക്കണ്ണടച്ചു. മഹീധ്വജനോടായി പറഞ്ഞു. നോക്കു മഹീധ്വജാ ഹനുമാന്‍ എന്റെ അംശം തന്നെയാണ്. എന്റെ ആയുധങ്ങള്‍ അവനു മുന്നില്‍ നിഷ്പ്രഭമാകുന്നു. ഞാന്‍ പോവുകയാണ്. ഇനി ലക്ഷ്മണകുമാരനേയും അനുജന്മാരെയും മോഹാലാസ്യത്തില്‍നിന്നും ഉണര്‍ത്തണം. അതിനെന്താണു വഴി ഔഷധസസ്യം പറിക്കുവാന്‍ ദ്രോണഗിരിയിലേക്കു പോവുക തന്നെ. ഔഷധസസ്യം പറിച്ചുകൊണ്ട് തിരിച്ചെത്തിയ ഹനുമാന്‍ ഔഷധത്തിന്റെ നീര്‍തളിച്ച് ലക്ഷ്ണകുമാരനേയും അനുജന്മാരെയും എല്ലാവരേയും ഉണര്‍ത്തി. ഹോ! ഹനുമാന്‍ ആ അഹങ്കാരി എവിടെ? ക്ഷോഭിക്കാതെ കുമാരാ'' പെട്ടെന്ന് അവര്‍ക്കിടയിലേക്കു വിനീതനായി മഹീധ്വജന്‍ കടന്നുവന്നു. അല്ലയോ ഹനുമാന്‍. അങ്ങനെ ഈയുള്ളവന്‍ പ്രണമിക്കുന്നു. മഹീധ്വജാ! നീ നിന്റെ അഹങ്കാരം വെടിയുക. ഭക്തിയുള്ളതുകൊണ്ടുമാത്രം ഒരു രാജാവും ശ്രേഷ്ഠനാവുകയില്ല. പ്രജകളോടു മമതയുമുണ്ടാവണം. പ്രഭോ അടിയനു കൃപയുണ്ടായി ക്ഷമിച്ചാലും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.