വഴിക്കടവ് ചെക്ക് പോസ്റ്റില്‍ ജോലിക്കായി ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നു

Sunday 17 May 2015 10:26 pm IST

മലപ്പുറം: തമിഴ്‌നാട് അതിര്‍ത്തിയിലെ വഴിക്കടവ് വാണിജ്യനികുതി ചെക്ക് പോസ്റ്റ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോഴും ഇവിടെ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നു. പരിശോധന ചടങ്ങാക്കി മാറ്റിയാല്‍ കിട്ടുന്ന 'കിമ്പള' മാണ് ഇതിന് കാരണം. ഓരോ ദിവസവും നിരവധി സ്വപ്ന സൗധങ്ങള്‍ ഉയരുന്ന മലപ്പുറത്തേക്ക് ഗ്രാനൈറ്റുകള്‍ കൂടുതലും എത്തുന്നത് വഴിക്കടവിലൂടെയാണ്. ബാംഗ്ലൂരില്‍ നിന്ന് വരുന്ന ഗ്രാനൈറ്റ് ലോറികള്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി വഴിക്കടവിലൂടെയാണ് ജില്ലയിലേക്ക് പ്രവേശിക്കുന്നത്. 5000 സ്‌ക്വയര്‍ ഫീറ്റ് ഗ്രാനൈറ്റ് കൊണ്ടുവന്നാല്‍ 2500 സ്‌ക്വയര്‍ ഫീറ്റിന്റെ ബില്ലാണ് ചെക്ക് പോസ്റ്റില്‍ കാണിക്കുക. ഒരു സ്‌ക്വയര്‍ ഫീറ്റിന് 100 രൂപയാണ് നികുതി. എങ്ങനെയായാലും ലക്ഷങ്ങള്‍ സര്‍ക്കാരിന് നഷ്ടം. ഈ ലക്ഷങ്ങളില്‍ കുറച്ച് ലഭിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥര്‍ ഇതിന് നേരെ കണ്ണടക്കുകയാണ്. ഒരു ദിവസം പത്തോളം ഗ്രാനൈറ്റ് ലോറികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. മാസത്തില്‍ ഒരിക്കല്‍  ഒരു ലോഡെങ്കിലും പിടികൂടി വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനും ഇവര്‍ മറക്കാറില്ല. വാഹനങ്ങള്‍ കൂടുതല്‍ സമയം നിര്‍ത്തി പരിശോധിക്കാനുള്ള സ്ഥല സൗകര്യം ഇവിടെയില്ല. ഗ്രാനൈറ്റ് അളക്കാനുള്ള ഉപകരണവും ഇല്ല. ചെക്ക് പോസ്റ്റില്‍ എട്ട് ജീവനക്കാരാണ് ആകെയുള്ളത്. നാല് ഇന്‍സ്‌പെക്ടര്‍മാരും നാല് പ്യൂണ്‍മാരും. ഇവരില്‍ കൂടുതല്‍ പേരും തെക്കന്‍ ജില്ലക്കാരാണ്. കൃത്യമായി നികുതി പിരിച്ചെടുക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നികുതി വെട്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നതിലൂടെ സര്‍ക്കാരിന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.