അഴിമതി അലങ്കാരമാക്കി അഞ്ചാം വര്‍ഷത്തിലേക്ക് ഈ മന്ത്രിസഭ

Sunday 17 May 2015 11:04 pm IST

തിരുവനന്തപുരം: 'അതിവേഗം ബഹുദൂരം' ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മോഹിപ്പിക്കുന്ന മുദ്രാവാക്യം. നാമമാത്രമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നന്മയേ ചെയ്യൂ. തിന്മ ചെയ്യാന്‍ ഭയക്കും എന്നു പലരും കരുതി. സംഭവിച്ചതോ മറിച്ച്. അതിവേഗം നീങ്ങിയത് അഴിമതിയിലേക്ക്. ഇപ്പോഴത് പാട്ടക്കരാര്‍ ഒഴിയാറാകുമ്പോള്‍ നടക്കുന്ന കടുംവെട്ടുപോലെയായി. കിട്ടാവുന്നവരില്‍ നിന്നെല്ലാം ഊറ്റുന്നു. ഖജനാവ് കാലിയാവുകയും പൊതുകടം ഇരട്ടിയാവുകയും ചെയ്യുമ്പോള്‍ മന്ത്രിമാരുടെ സമ്പത്ത് കുന്നുകൂടുന്നു. 'മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും' എന്ന പഴഞ്ചൊല്ല് ഇന്ന് അച്ചട്ടായി. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ആദ്യമന്ത്രിസഭ മുതലുണ്ട്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്തിനില്‍ക്കുന്ന മുഖ്യമന്ത്രിമാരില്‍ ശക്തമായ ആരോപണം നേരിടേണ്ടിവന്ന ഒരു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതാവായിരുന്ന കെ. കരുണാകരനായിരുന്നു. കരുണാകരന്‍ ഭരിക്കുമ്പോഴാണ് പാമോയില്‍ അഴിമതിക്കേസ് വന്നത്. അന്നു ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കോഴവാങ്ങിയത് കെ. കരുണാകരനെന്ന് കേസുവന്നപ്പോഴും ധനകാര്യമന്ത്രിയെ പൂര്‍ണ്ണമായും ഒഴിവാക്കിയില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നില്ല. പാമോയില്‍ കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ജിജിതോംസണ്‍ ഇന്ന് കേരളത്തിന്റെ ചീഫ് സെക്രട്ടറിയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറയുംപോലെ. പാമോയില്‍ കേസില്‍  ഗൂഢാലോചനക്കുറ്റമാണ് ജിജിതോംസണ് മേല്‍ ചുമത്തിയത്. ഇതില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന അപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഏതാനും ദിവസം പിന്നിടുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ബാലസുബ്രഹ്മണ്യമാണ് ഡിജിപി. സെക്യൂരിറ്റിക്കാരനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചു എന്ന ആരോപണം വന്നുകഴിഞ്ഞു. മുഖ്യമന്ത്രി, ചീഫ്‌സെക്രട്ടറി, ഡിജിപി, ഭരണനിര്‍വ്വഹണത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരിലാരും അമ്പുകൊള്ളാതെയില്ല. പിന്നെങ്ങനെ ഡിഐജി കോപ്പിയടിക്കാതിരിക്കും? മന്ത്രിമാര്‍ കോഴവാങ്ങിയില്ലെങ്കിലാണത്ഭുതം. മുഖ്യമന്ത്രിയുടെ ഓഫീസുപോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. സോളാര്‍: സോളാര്‍ തട്ടിപ്പാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഖം ഏറെ വികൃതമാക്കിയത്. കോടികളുടെ തിരിമറി നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് വിശ്വസ്തര്‍ ഇടപാടുകളില്‍ പങ്കാളികളായി. ആരോപണം ശക്തമായപ്പോള്‍ പുറത്താക്കേണ്ടിവന്നു. സോളാര്‍ കേസില്‍ പണ്ടത്തെ 'താത്രി'യെപോലെ സരിത പറയുന്ന പേരുകളുടെ പട്ടിക നീണ്ടതാണ്. സോളാര്‍ കേസില്‍ കൂട്ടുപ്രതിയായ ശാലുവിന്റെ വീട്ടില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോയതിലെ സംശയം ഇനിയും ദൂരീകരിക്കപ്പെട്ടിട്ടില്ല. സരിതയുടെ സേവനം ഉപയോഗപ്പെടുത്താത്ത നേതാക്കള്‍ പരിമിതം. എംപി, എംഎല്‍എമാര്‍, മന്ത്രിമാര്‍.... ബാര്‍കോഴ: മദ്യത്തില്‍ മുങ്ങിത്താഴുകയാണ് മന്ത്രിസഭ. ധനകാര്യ മന്ത്രി കെ.എം. മാണിയാണ് ആദ്യം പ്രതിക്കൂട്ടിലെത്തിയതെങ്കിലും പിന്നാലെ വന്നു എക്‌സൈസ് മന്ത്രിക്ക് 10കോടി നല്‍കിയെന്ന വെളിപ്പെടുത്തല്‍ അതിനു പിറകേ മറ്റ് മന്ത്രിമാരുടെ പേരും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിമാര്‍ക്ക് ബാറുടമകള്‍ പണം കൈമാറിയതെന്നാണ് പി. സി. ജോര്‍ജ്ജിന്റെ അറിവ്. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എന്നിവരുടെ പേരും മൊഴിയിലുണ്ട്. മരാമത്ത്: പൊതുമരാമത്ത് മന്ത്രിക്കെതിരെ മുന്‍മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ ലോകായുക്തയ്ക്ക് നല്‍കിയ മൊഴിയും രേഖയും അതീവ ഗൗരവം അര്‍ഹിക്കുന്നതാണ്. കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലാത്ത മന്ത്രി എങ്ങനെ ഇത്രയും സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്ന ഗണേഷിന്റെ ചോദ്യം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞു. ഗണേഷിന്റെ ആരോപണത്തെ പ്രതിരോധിക്കാന്‍ മുസ്ലിംലീഗിനും സര്‍ക്കാരിനും കഴിഞ്ഞില്ല. ടൈറ്റാനിയം: ടൈററാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതികളാക്കി തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിക്കുന്നതില്‍ 200 കോടിയിലേറെ രൂപയുടെ അഴിമതി നടത്തി എന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ എന്നിവരടക്കം പതിനൊന്ന് പേര്‍ക്കെതിരായ ആരോപണം. പ്ലസ്ടു: പ്ലസ്ടു സീറ്റനുവദിച്ചതിലടക്കം ആരോപണം നേരിടുകയാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. സ്‌കൂളുകളും കോളേജുകളും അനുവദിച്ചതിലും ക്രമക്കേടുകള്‍ വ്യാപകം. പരീക്ഷഎഴുതാത്തവരെയും പത്താംക്ലാസ് കടത്തിയ മന്ത്രിയുടെ മറിമായം മുസ്ലിംലീഗുകാരെപോലും അത്ഭുതപ്പെടുത്തി. സിവില്‍ സപ്ലൈസ്: നല്ലഭരണാധികാരിയെന്ന് പേരെടുത്ത ടി. എം. ജേക്കബിന്റെ ഒഴിവില്‍ ഇടം നേടിയ യുവമന്ത്രി മകന്‍ അനൂപ് ജേക്കബിനാണ് ഭക്ഷ്യവകുപ്പ്. സിവില്‍ സപ്ലൈസിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും ക്രമക്കേടെന്ന ആരോപണം വ്യാപകം. മുന്നണിയിലെ മിക്ക മന്ത്രിമാരും ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ആശ്വാസത്തിന് വക ലഭിച്ചത് പി.കെ. ജയലക്ഷ്മിക്ക്. നാലുവര്‍ഷം പൂര്‍ത്തിയായ കേരള ഭരണമെന്ന വിഷവൃക്ഷം വിതച്ച ദുരന്തങ്ങള്‍ നിരവധി. അതില്‍ മുന്നില്‍ നില്‍ക്കുന്നത് അഴിമതി. ബാര്‍ കോഴ പുറത്ത് കൊണ്ടുവന്നത് പ്രതിപക്ഷമല്ല, മാധ്യമങ്ങളുമല്ല. പ്രത്യാഘാതം ഗുരുതരമെന്നറിഞ്ഞുകൊണ്ടുതന്നെ വ്യവസായിയും ബാറുടമകളുടെ സംഘടനാ നേതാവുമായ ഡോ. ബിജുരമേശ് ഉന്നയിച്ച ആരോപണം കത്തിജ്ജ്വലിക്കുന്നു. വര്‍ഷം ഒന്നാകാറായിട്ടും സര്‍ക്കാര്‍ നിലനില്‍ക്കുന്നുതാനും. ഉമ്മന്‍ചാണ്ടി നന്ദിപറയേണ്ടത് പ്രതിപക്ഷത്തോട്. ഭരണ-പ്രതിപക്ഷ 'അഡ്ജസ്റ്റ്‌മെന്റ്' അതാണല്ലോ എല്ലാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.