രാമപാദങ്ങളില്‍- 42

Monday 18 May 2015 9:38 pm IST

മനസ്സു നശിച്ച് കേവലനായിക്കഴിഞ്ഞ ഞാന്‍ ബ്രഹ്മസംജ്ഞമായ നിര്‍മ്മല പദത്തിലെത്തിക്കഴിഞ്ഞു. മന:ശുദ്ധി, ഊര്‍ജ്ജ സ്വലത, സദ്രുപത, സര്‍വപ്രിയത ജ്ഞാന നിഷ്ഠത, ആനന്ദസ്വരൂപത, നിര്‍വികാരത, പുണ്യകര്‍മ്മ സന്തുഷ്ടി, പൂര്‍ണ്ണത, ഉദാരത, സര്‍വാത്മകത, നിര്‍ഭയത തുടങ്ങിയ അഭ്യൂദയങ്ങള്‍ എന്നെ അനുഗ്രഹിക്കുന്നു. ഉദ്ദാലകന്‍ വിശുദ്ധമായ ബുദ്ധിവികാസത്താല്‍ ഇപ്രകാരം നിര്‍ണ്ണയിച്ച് അര്‍ദ്ധോന്മീലിത നേത്രനായി പതമാസനമുറപ്പിച്ചിരുന്നു. ബ്രഹ്മരന്ധ്രത്തില്‍ മണിമുഴക്കം വ്യാപിക്കുന്ന വിധത്തില്‍ ഉറക്കെ ഓങ്കാരധ്വനി മുഴക്കി. ഉടനെ ഉദ്ദാലകന്റെ സ്വരൂപ ചൈതന്യം ഓങ്കാരത്തെ അനുസരിച്ച് ഊര്‍ദ്ധ്വമുഖമായി നിര്‍മ്മല രൂപത്തില്‍ വ്യാപിക്കുകയും മൂന്നുമാത്രകളുള്ളതായ ഓങ്കാരത്തിന്റെ സമവും നിശ്ചലവുമായ പ്രാണവായുവോടുകൂടിയ ഭാഗം അകാരം സ്ഫുടധ്വനിയായി ശരീരത്തെ ശബ്ദായമാനമാക്കുകയും ചെയ്തു. അപ്പോള്‍ രേചകം എന്ന പ്രാണനിഷ്‌ക്രമണം ഉണ്ടായി രോചകത്താല്‍ സമാഹൃദമായ പ്രാണവായു ചിദ്രൂപ ചൈതന്യത്താല്‍ പൂരിതമായ ആകാശത്തില്‍ നിരുദ്ധമായി സ്ഥിതി ചെയ്തു. പ്രാണവായുവിന്റെ നിഷ്‌ക്രമണ സംഘര്‍ഷണം നിമിത്തം ഹൃദയാഗ്നി ഊതി പെരുകി കത്തി പാപരൂപമായ ശരീരത്തെ ദഹിപ്പിച്ചു. അനന്തരം മഹര്‍ഷി രേചകം ഹേതുവായിട്ട് മനസ്സിനു സമസ്ഥിതിഭവിക്കവെ പ്രണവത്തിന്റെ രണ്ടാം അംശമായ ഉകാരത്തെ ധ്യാനിച്ചു അപ്പോള്‍ ചലന രഹിതമായ കുംഭകമെന്ന പ്രാണക്രമം ഉണ്ടായി. ഉള്ളിലും പുറത്തും മേലും കീഴും ദിക്കുകളിലും പ്രാണങ്ങള്‍ക്ക് ക്ഷോഭം ഭവിക്കാതെ ശരീരമാകെ വായുനിറഞ്ഞു നിന്നു. പ്രണവത്തിന്റെ രണ്ടാമത്തെ പ്രണവക്രമവും ഇച്ഛാമാത്രമായിരുന്നു. അനന്തരം പ്രശാന്തിയെ നല്‍കുന്ന മൂന്നാമത്തെ അംശമായ മകാരത്തെ ധ്യാനിക്കവെ പൂരകമെന്ന പ്രാണക്രമം ഭവിച്ചു. പൂരിപ്പിക്കുകയെന്ന അര്‍ത്ഥത്തിലാണ് പൂരകമെന്ന പേരുണ്ടായത്. ഈ സമയത്ത് പ്രാണവായുക്കള്‍ ആകാശസ്ഥമായ ജീവചിത്തില്‍ ഭാവിതമായ അമൃതത്തിന്റെ മധ്യത്തില്‍ പ്രവേശിച്ച് ഹിമസ്പര്‍ശന തുല്യമായ ശൈത്യത്തെപ്രാപിച്ചു ധൂമങ്ങള്‍ തണുത്ത് മേഘങ്ങളാകുന്നതു പോലെ ആകാശസ്ഥമായ വായുക്കള്‍ ഉരുക്കൂടിയ ചന്ദ്രബിംബമായിത്തീര്‍ന്നു. ശീതളകലകളാല്‍ സമ്പൂര്‍ണ്ണമായ ആ ചന്ദ്രബിംബത്തില്‍ പ്രാണവായുക്കള്‍ അമൃതധാരാരൂപത്തില്‍ പരിണമിക്കുകയും ആ ധാരകള്‍ ശരീരഭസ്മത്തില്‍ പതിക്കുകയും ചെയ്തു. അപ്പോള്‍ ഉദ്ദാലകന്റെ ദേഹം നാലു തൃക്കൈകളോടുകൂടിയ വിഷ്ണുവിന്റെ രൂപം പോലെ ശോഭിച്ചു. ക്ഷണത്തില്‍ തന്നെ പിയൂഷമയങ്ങളായ പ്രാണങ്ങള്‍ ആ ശരീരത്തെ പൂരിപ്പിച്ച് കണ്ഡലീനിശക്തിയെ ഉണര്‍ത്തി. പത്മാസനസ്ഥനായ മുനി ഉടനെ ദേഹശക്തിയെ ഉറപ്പിച്ചിട്ട് അഞ്ചിന്ദ്രിയങ്ങളേയും ബന്ധിച്ചു. കണ്ണുകള്‍ രണ്ടും കരിമിഴിയില്‍ ഇളകാതെ സന്ധ്യാകാല പന്തങ്ങള്‍ പോലെ പകുതിയടച്ചു. മൗനിയായി ഉച്വാസനിശ്വാസ നിയമാനുരൂപമായ പ്രശാന്തത മുഖത്തില്‍ പ്രകാശിപ്പിച്ചു. അങ്ങിനെ ധീരനായി ബാഹ്യവിഷയങ്ങളെയെല്ലാം നിശ്ശേഷം ത്യജിച്ച് മനോവാസനാരൂപങ്ങളായ വിഷയങ്ങളേയും വൃത്തിജ്ഞാനത്തേയും നശിപ്പിച്ചു. അനന്തരം സംയമത്തെ പ്രാപിച്ചു മനസ്സിനെ പ്രത്യാഹാരാദികളാല്‍, നിയന്ത്രിച്ച സ്വച്ഛമേഘംപോലെ സൗമ്യനായി സ്ഥിതിചെയ്തു. ചിത്ത് ദൃശ്യത്തെ ഉപേക്ഷിച്ച് വിശുദ്ധ ചിന്മാത്രാരൂപമായി സ്ഥിതിചെയ്തു. അനന്തരം മഹാത്മാവായ ആ ഋഷിവര്യന്‍ സ്വരൂപസാക്ഷാല്‍കാരത്തിന് പാത്രീഭൂതനായി അകത്തും പുറത്തുമുള്ള ഇന്ദിയവ്യാപരങ്ങളെ പരിത്യജിച്ച് സര്‍വോല്‍കൃഷ്ടമായ ചിദാകാശമായി ഭവിച്ചു. ആ നിലയില്‍ അദ്ദേഹം മധുരമധുരവും, അനന്തവും ദൃശ്യദര്‍ശ്ശന ബന്ധമില്ലാത്തതുമായ നിത്യാനന്ദമടഞ്ഞ് ജീവഭാവത്തെക്കടന്ന് ചിദാകാശ രൂപനായി സത്താസാമാന്യഭാവത്താല്‍ പരമാനന്ദമയനായിത്തീര്‍ന്നു. ഈ നില വളരെക്കാലം തുടര്‍ന്നു. അദ്ദേഹത്തിന്റെ ആത്മ ചൈതന്യം ആനന്ദത്തിനോ ദു:ഖത്തിനോ വശംവദനാകാതെ പ്രകാശസംപൂര്‍ണ്ണമായി. അദ്ദേഹം ശൈവ പദവും, ശാശ്വതവും ശുഭവും ശ്രേയസ്‌കരവുമായ ജീവന്‍ മുക്ത പദം കൈവരിച്ചു. സിദ്ധി ഭൂമികകളായ സ്വര്‍ഗ്ഗാദിയെ തൃണവല്‍ഗണിച്ച് സമാധിയിലിരുന്ന ഉദ്ദാലകമഹര്‍ഷി കണ്ണുതുറന്നപ്പോള്‍ തന്റെ ചുറ്റും നില്‍ക്കുന്ന സിദ്ധവിദ്യാധരാന്മാരെ കണ്ടു. അവര്‍ മഹര്‍ഷിയെ വിമാനത്തില്‍ കയറി തങ്ങളുടെ കൂടെ വന്ന് കല്പാന്തം വരെ സ്വര്‍ഗ്ഗത്തില്‍ ഇഷ്ടഭോഗങ്ങള്‍ അനുഭവിച്ചു വസിക്കുന്നതിന്നായി ക്ഷണിച്ചു. ഉദ്ദാലകന്‍ അവരെ പ്രതിവന്ദനം ചെയ്ത ശേഷം അവരോട് നിങ്ങള്‍ പൊയ്‌ക്കൊള്ളുവിന്‍ എന്നു മാത്രം പറഞ്ഞു. അദ്ദേഹം അവരുടെ ആവശ്യത്തെ തള്ളുകയോ കൊള്ളുകയോ ചെയ്തില്ല. അദ്ദേഹത്തെ കുറച്ചു നാള്‍ സേവിച്ച ശേഷം സിദ്ധവിദ്യാധരന്മാര്‍ തിരിച്ച് പോയി. ജീവന്മുക്തനായ ആ മുനി ശ്രേഷ്ഠന്‍ വനാന്തരത്തിലും മറ്റുമുനിമാരുടെ ആശ്രമങ്ങളിലുമായി സ്വച്ഛന്ദം വിഹരിച്ചു. സമാധിസ്ഥനായും അല്ലാതെയും പല സംവത്സരങ്ങള്‍ക്കു ശേഷം അദ്ദേഹം ജ്ഞാനത്തിന്റെ അഞ്ചാമത്തെപടിയില്‍ എത്തിച്ചേര്‍ന്നു. മനസ്സിന്റെ നിരന്തരമായ നിയന്ത്രണം കൊണ്ട് പരിപൂര്‍ണ്ണ ചിത്തനായ അദ്ദേഹം ജ്ഞാനത്തിന്റെ ആറാമത്തെ ഭൂമികയിലും ചിരാഭ്യാസം കൊണ്ട് ഏഴാമത്തെ ഭൂമികയായ സത്താസാമാന്യത്തിലും എത്തിച്ചേരുന്നു. ജീവന്‍മുക്തപദം ലഭിച്ചതിനാല്‍ പ്രശാന്തഹൃദയനും സംശയങ്ങള്‍ അകന്നവനും, കര്‍മ്മ ബീജങ്ങളും ജനനപാശങ്ങളും നശിച്ചവനുമായിത്തീര്‍ന്ന്, വിശിഷ്ടവും, നിരാവരണവും, മനോരഹിതവുമായ ബ്രഹ്മദേഹധാരിയായിത്തീര്‍ന്നു. ഇത്രയും ശ്രദ്ധിച്ചുകേട്ട രാമന്‍ ഗുരുവിനോടു ചോദിച്ചു: ഗുരുനാഥ സത്താസാമന്യകമെന്നാല്‍ എന്താണെന്ന് വിശദീകരിച്ചു തന്നാലും. രാമാ, വസിഷ്ഠമഹര്‍ഷി തുടര്‍ന്നു. സ്വമാത്ര സത്ത അഥവാ സ്വരൂപമാത്രമായ അവസ്ഥയാണ് സത്താസാമാന്യ ശബ്ദത്തിനര്‍ത്ഥം. ഈ ദൃശ്യം ത്രികാലങ്ങളിലുമില്ലാത്തതാണെന്നാണ് പറയപ്പെടുന്നത്. ശ്രുതിയുക്തമായ അനുഭവങ്ങള്‍ തുടര്‍ച്ചയായി അനുസന്ധാനം ചെയ്യുമ്പോള്‍ മനസ്സ് തനിയെ നശിക്കുകയും, ചില്‍സാമാന്യരൂപനായ ആത്മാവിന് സത്താസാമാന്യത കൈവരുകയും ചെയ്യുന്നു. ചിത്തവൃത്തി ദൃശ്യസംബന്ധമില്ലാതെ വിശുദ്ധമായി വാസ്തവത്തില്‍ ഇല്ലാത്ത ഒന്നുപോലെ ആത്മാവില്‍ എപ്പോള്‍ ലയിക്കുന്നുവോ അപ്പോള്‍ ആ ആത്മാവിന് സത്താസമാന്യത കൈവരുന്നു. ബാഹ്യമായോ ആഭ്യന്തരമായോ സര്‍വവും ഇല്ലാത്തതാണെന്നുള്ള ദൃഢനിശ്ചയം എപ്പോള്‍ മനസ്സ് കൈവരിക്കുന്നുവോ അപ്പോള്‍ ആത്മാവിന് സത്താസാമാന്യത കൈവരുന്നു. ഭാവനയില്ലാത്ത ബാഹ്യപ്രപഞ്ചം തനിയെ ആത്മാവില്‍ ലയിക്കുമ്പോള്‍ ആത്മാവിന് സത്താസാമാന്യത കൈവരുന്നു. തുര്യാതീത പദമെന്ന് പ്രശസ്തമായ ഈ ജ്ഞാനാവസ്ഥയെ സ്വദേഹവിദേഹ മുക്തന്മാര്‍ക്കു മാത്രം കൈവരുന്നതാണ് ഈ ജ്ഞാന ദൃഷ്ടി പഞ്ചജ്ഞാനഭൂമാദികളാല്‍ സ്ഥിതി ചെയ്യുന്ന സമാധിസ്ഥന്മാര്‍ക്കല്ലാതെ അജ്ഞാനികള്‍ക്ക് സിദ്ധിക്കുന്നില്ല. ബ്രഹ്മര്‍ഷിമാരായ ഞങ്ങളെപ്പോലെയുള്ളവരും നാരദന്‍ തുടങ്ങിയ ദേവര്‍ഷിമാരും എന്നു വേണ്ട ബ്രഹ്മാദിത്രിമൂര്‍ത്തികള്‍ പോലും സമസ്തഭയഹരമായ ഈ മാര്‍ഗ്ഗത്തെ അവലംബിക്കുന്നു. മഹാത്മാവായ ഉദ്ദാലകന്‍ തന്റെ പ്രാരാബ്ധം ക്ഷയിക്കുന്നതുവരെ ഇപ്രകാരം ജഗല്‍ ഗൃഹത്തില്‍ വസിച്ചു. വളരക്കാലത്തിനു ശേഷം ബന്ധങ്ങളില്‍ നിന്ന് മുക്തനായപ്പോള്‍ ഇനി ദേഹത്തെ വെടിഞ്ഞ് ഞാന്‍ വിദേഹമുക്തനായിത്തീരുമെന്ന ദൃഢനിശ്ചയത്തോടെ പര്‍വത ഗുഹയില്‍ പത്മാസനമുറപ്പിച്ച് അര്‍ദ്ധമിലീതനേത്രനായി നവദ്വാരം നിരോധം ചെയ്തു. മനസ്സുകൊണ്ട് വിഷയങ്ങളെ ഓരോന്നായി ഉപസംഹരിച്ച് സ്വസ്വരൂപമായ ചിത്തിനെ ധ്യാനിച്ച് പ്രാണവായുക്കളെ നിരോധിച്ച് കഴുത്ത് നേര്‍ നിലയില്‍ നിവര്‍ത്തി നിര്‍ത്തി നാവിന്റെ അടിഭാഗം കൊണ്ട് അണ്ണാക്കില്‍ തൊടുവിച്ച് കണ്ഠദ്വാരം മൂടി തേജോമയമായ മുഖ പ്രകാശത്തോടെ ഉള്ളിലും പുറത്തും മേലും കീഴും ഭാവഭേദങ്ങളില്ലാതെ മനസ്സിനേയും ദൃഷ്ടിയേയും പ്രാണനിരോധത്താല്‍ നിയന്ത്രിച്ചു കൊണ്ട് സമാധിസ്ഥിതനായി.. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.